Connect with us

KERALA

ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന ഏറ്റവും വലിയ യാത്രയയപ്പ് നാളെയാണ്. അവസാന യാത്രയയ്പ്പിന്‍റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസമായ എട്ടിനു കേൾക്കും

Published

on

കോട്ടയം : പുതുപ്പള്ളിയെ സ്നേഹിച്ച ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നൽകുന്ന ഏറ്റവും വലിയ യാത്രയയപ്പ് വോട്ടെടുപ്പ് ദിവസമായ നാളെയാണെന്ന് മകൾ അച്ചു ഉമ്മന്‍. അവസാന യാത്രയയ്പ്പിന്‍റെ ഇടിമുഴക്കം വോട്ടെണ്ണൽ ദിവസമായ എട്ടിനു കേൾക്കുമെന്നും ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്നും അത് ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുമെന്നും അച്ചു ഉമ്മൻമാധ്യമങ്ങളോടു പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരമുണ്ട്. കോൺഗ്രസിന് ഇത്രയധികം അനുകൂല സാഹചര്യമുള്ള തിരഞ്ഞെടുപ്പ് മുൻപ് ഉണ്ടായിട്ടില്ല. എല്ലാത്തിനും ഉപരി ഉമ്മൻ ചാണ്ടി എന്ന ഘടകം നിലവിലുണ്ടെന്നും അച്ചു പറഞ്ഞു.

‘അതിഭീകരമായ സർക്കാർ വിരുദ്ധവികാരമുണ്ട്. അഴിമതി, വിലക്കയറ്റം, കർഷകർ പട്ടിണി കിടക്കുന്നു. ഇതൊക്കെ വലിയ ഭരണവിരുദ്ധവികാരമുണ്ടാക്കുന്നു. അതിനാൽ കോൺഗ്രസിനാണ് മേൽക്കൈ. ഇത്രയേറെ കാലാവസ്ഥ അനുകൂലമായ മറ്റൊരു തിരഞ്ഞെടുപ്പ് കേരളത്തിലുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. അതുകൂടാതെ, വിദ്യാസമ്പന്നനായ, പത്തു- ഇരുപതു വർഷത്തെ പ്രവർത്തനപരിചയമുള്ള ഒരു യുവാവിന്റെ കന്നിയങ്കം എന്നതടക്കം അനുകൂല ഘടകങ്ങളാണ്. അതിനും മുകളിലാണ് ഉമ്മൻ ചാണ്ടി എന്ന ഘടകം. അത് ഉമ്മൻ ചാണ്ടി മരിച്ചുപോയി എന്ന സഹതാപം അല്ല. 53 വർഷം അദ്ദേഹം ഇവിടെ എന്ത് ചെയ്തെന്ന് പുതുപ്പള്ളിക്കാർക്ക് വ്യക്തമായി അറിയാമെന്നും അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടി.

തനിക്കെതിരെയുള്ള സൈബർ ആക്രമണക്കേസിലെ നടപടികൾ വൈകുന്നത് എന്തു കൊണ്ട് എന്നറിയില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞു. ‘‘പൊലീസ് വന്ന് മൊഴിയെടുത്തപ്പോള്‍ അതിനോട് സഹകരിച്ചു. ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് അവരുടെ കൈയിലാണ്. വൈകിപ്പിക്കുന്നത് സാങ്കേതിക കാരണമാണോ എന്നറിയില്ല. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമംകൊണ്ടുവരണം. സമൂഹമാധ്യമ അക്കൗണ്ട് തുടങ്ങാന്‍ ഒരു തിരിച്ചറിയൽ രേഖ പോലും വേണ്ട. അതുകൊണ്ട് ആളുകള്‍ക്ക് ഒരുപാട് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ കഴിയും. അതുവഴി എന്തും വിളിച്ചുപറയാം. അതിനെതിരെ നടപടി സ്വീകരിക്കാന്‍ ഒന്നും പറ്റില്ലല്ലോ.നിയമത്തിന്റെ വലയിലേക്ക് ഇതിനെ കൊണ്ടുവരേണ്ടത് നാളത്തെ തലമുറയുടേയും ആവശ്യമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.

Continue Reading