Connect with us

KERALA

വയനാട് മണ്ഡലത്തിലെ രാഹുലിന്റെ വിജയത്തെ ചോദ്യം ചെയ്ത ഹരജിയിൽ സരിതക്ക് ഒരു ലക്ഷം പിഴയിട്ടു

Published

on

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാർ കേസിലെ പ്രതി സരിത നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ബാലിശമായ ഹർജി നൽകിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

സരിതയുടെ അഭിഭാഷകർ തുടർച്ചയായി ഹാജർ ആകാത്തതിനെ തുടർന്നാണ് ഹർജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി. ഇന്നും കേസ് പരിഗണിച്ചപ്പോൾ സരിതയുടെ അഭിഭാഷകൻ കോടതിയിൽ ഹാജറായിരുന്നില്ല. ഇതേ തുടർന്നാണ് പിഴയോടെ കോടതി ഹർജി തള്ളിയത്.
ക്രിമിനൽ കേസിൽ രണ്ട് വർഷത്തിൽ അധികം ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട് (3) വകുപ്പ് പ്രകാരം സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളാം. സോളാർ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പെരുമ്പാവൂർ ജുഡീഷ്യൻ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസിൽ പത്തനംതിട്ട ജുഡീഷ്യൻ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേൽക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് സരിത എസ് നായർ നൽകിയ നാമനിർദേശ പത്രിക വരണാധികാരി തള്ളിയത്. ഇതിനെതിരെ ആണ് സരിത സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ശിക്ഷ എറണാകുളം സെഷൻസ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നെന്നും അതിനാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(3) വകുപ്പ് പ്രകാരം വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അമേഠി ലോക്സഭാ മണ്ഡലത്തിൽ നൽകിയ നാമനിർദേശ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നെന്നും സരിത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.വയനാട് ലോക്സഭാ മണ്ഡലത്തിൽ പുതിയ തെരെഞ്ഞെടുപ്പ് നടത്തണം എന്നും ഹർജിയിൽ ആവശ്യപെട്ടിരുന്നത്. സരിതയുടെ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു

Continue Reading