Connect with us

Crime

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.പി.എം. നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഭരണസമിതി അംഗം

Published

on

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ സി.പി.എം. നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഭരണസമിതി അംഗം. പ്രധാനപ്പെട്ട സി.പി.എം. നേതാക്കളെ രക്ഷിക്കാന്‍ ഭരണസമിതി അംഗങ്ങളെ ബലിയാടാക്കിയെന്ന ആരോപണവുമായി മുന്‍ ഡയറക്ടര്‍ ജോസ് ചക്രാംപിള്ളി രംഗത്തെത്തി. ആലത്തൂര്‍ മുന്‍ എം.പി. പി.കെ ബിജുവിന് എല്ലാക്രമക്കേടുകളെക്കുറിച്ചും അറിയാമായിരുന്നുവെന്നും ചക്രാംപിള്ളി ആരോപിച്ചു.

‘ഇപ്പോള്‍ അന്വേഷണം ശരിയായ പാതയിലാണ് മുന്നോട്ടുപോകുന്നത്, ഇതാണ് ശരിയായ അന്വേഷണം. സി.പി.എം. നേതാക്കള്‍ കുടുങ്ങാതിരിക്കാന്‍ നൂറുശതമാനം ഞങ്ങളെ ബലിയാടാക്കിയതാണ്. പി.കെ. ബിജുവും പി.കെ. ഷാജനുമായിരുന്നു അന്വേഷണ കമ്മിഷന്‍. തട്ടിപ്പുകളെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 13-05.2019-ന് ജില്ലാ സെക്രട്ടറിയെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. അദ്ദേഹം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയെ വിളിച്ച് അന്വേഷിച്ചു. ഏരിയാ കമ്മിറ്റി കൂടി പരിഹാരം കാണാനുള്ള തയ്യാറെടുപ്പ് ഉണ്ടായി എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്’, ജോസ് ചക്രാംപിള്ളി പറഞ്ഞു.

അതുകഴിഞ്ഞ് എന്താണ് നടന്നതെന്ന് അറിയില്ല. പിന്നീട് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിപ്പിച്ചു. അവിടെ പി.കെ. ഷാജനും പി.കെ. ബിജുവുമായിരുന്നു അന്വേഷണ കമ്മിഷന്‍. അവരുടെ മുന്‍പില്‍ എല്ലാ കാര്യങ്ങളും പറഞ്ഞു. അവര്‍ റിപ്പോര്‍ട്ട് നല്‍കി എന്നാണ് തന്റെ അറിവ്. ആ റിപ്പോര്‍ട്ടില്‍ എല്ലാവിധ കാര്യങ്ങളും ഉണ്ടായിരുന്നു. പി.കെ. ഷാജനുമായും ജില്ലാസെക്രട്ടറി എം.എം. വര്‍ഗീസുമായും വ്യക്തിപരമായി ബന്ധമുണ്ട്. ഇരുവരേയും കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എന്നാല്‍, നിങ്ങള്‍ക്ക് ഒരു കുഴപ്പവും വരില്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി വിശ്വസിപ്പിച്ചതെന്നും ജോസ് പറഞ്ഞു

2021 സെപ്റ്റംബര്‍ 13-ന്  തന്നെ കേസുമായ് ബന്ധപ്പെട്ട്  അറസ്റ്റ് ചെയ്തു. അതിന്റെ തലേദിവസവും ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. ഒരു കുഴപ്പവുമുണ്ടാവില്ല, ജോസ് പോയ്‌ക്കോളൂവെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞതിനെത്തുടര്‍ന്നാണ് താന്‍ തിരിച്ചുപോയത്. പിറ്റേന്ന് കാലത്ത് തന്നെ അറസ്റ്റു ചെയ്തുവെന്നും .ജോസ് ചക്രാംപിള്ളി പറഞ്ഞു.

Continue Reading