Connect with us

Crime

സി പി എം നിയന്ത്രണത്തിലുള്ളഅയ്യന്തോൾ സഹകരണ ബാങ്കിൽ ഇ ഡി റെയ്ഡ്

Published

on

തൃശൂർ: അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇ ഡി പരിശോധന. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃശൂർ കോലഴിയിലെ സ്ഥിരതാമസക്കാരനും കണ്ണൂർ സ്വദേശിയുമായ പി. സതീഷ്‌കുമാർ കള്ളപ്പണം വെളിപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണിത്.

സതീഷ് കുമാറിന്റെയും കുടുംബാംഗങ്ങളുടേതുമടക്കം ഈ ബാങ്കിലെ നാല് അക്കൗണ്ടുകൾ ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. ഈ നാല് അക്കൗണ്ടുകളുടെ വിശദാംശങ്ങളും ഇ ഡി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഇതിലാണ് സതീഷ് കുമാർ വ്യാപകമായി കള്ളപ്പണം വെളിപ്പിച്ചതായുള്ള വിവരങ്ങൾ ലഭിച്ചത്. കരുവന്നൂർ കേസ് അന്വേഷിച്ച പി കെ ഷാജന്റെ ഭാര്യ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

അതിനിടെ, നാളെ വീണ്ടും എ സി മൊയ്തീൻ ഇ ഡിക്ക് മുന്നിൽ ഹാജരാവും. കരുവന്നൂർ ബാങ്കിൽ നിന്ന് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക കണ്ടെത്തൽ. പത്തോളം സഹകരണ ബാങ്കുകൾ ഉൾപ്പടെ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.സതീഷ് കുമാർ രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണെന്നാണ് ഇ ഡിക്ക് ലഭിച്ച മൊഴി. ഇയാളുടെ പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്ന കെ എ ജിജോർ നൽകിയ മൊഴിയിൽ തട്ടിപ്പുകാലത്തെ ഭരണസമിതിയുമായി ബന്ധമുള്ള ഉന്നതരെക്കുറിച്ചും പരാമർശങ്ങളുമുണ്ട്. വായ്പയായി തട്ടിയെടുത്ത തുകയിൽ ഭൂരിഭാഗവും രാഷ്ട്രീയക്കാർക്ക് നൽകിയെന്നാണ് സൂചന. നേതാക്കൾക്ക് സ്വാധീനമുള്ള മറ്റു സഹകരണ ബാങ്കുകളെ ഇടപാടുകൾക്ക് മറയാക്കിയതായി ഇ ഡി സംശയിക്കുന്നു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനിലേക്കും അന്വേഷണം നീളുന്നതായി റിപ്പോർട്ടുണ്ട്”


Continue Reading