Crime
ബിനീഷ് കോടിയേരി ക്കെതിരെ ഗുരുതര ആരോപണങ്ങുമായ് ഇ ഡി

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സ്വർണക്കടത്ത് കേസ് പ്രതി അബ്‌ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് പറയുന്നത്. ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വച്ചിരുന്നതെന്നും തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തിൽ ഇരുവർക്കും പങ്കാളിത്തമുണ്ടെന്നെന്നും എൻഫോഴ്സ്‌മെന്റ് വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എൻഫോഴ്‌സ്‌മെന്റ് തീരുമാനം. കമ്പനി രേഖകളും ഇരുവരുടെയും സാന്നിധ്യത്തിൽ പരിശോധിക്കും. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ബിനീഷിനെതിരെയുളള ഇ ഡിയുടെ പ്രധാന കണ്ടെത്തലുകൾ വ്യക്തമാക്കുന്നുണ്ട്.
മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവരെ ബിനാമിയാക്കി ബിനീഷ് കേരളത്തിലും കർണാടകത്തിലും ഇവന്റ് മാനേജ്മെന്റ് കമ്പനികൾ രൂപീകരിച്ചു. ഈ കമ്പനികളെ കുറിച്ചും അന്വേഷണം വേണം. ബിനീഷ് ദുബായിലായിരിക്കുന്ന സമയത്ത് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിനെ കുറിച്ചും തങ്ങൾക്ക് കൂടുതൽ അന്വേഷിക്കണം. ബിനീഷ് കൊക്കെയ്‌ൻ ഉൾപ്പടെയുളള ലഹരി വസ്തുക്കൾ ഉപയോഗിച്ചതായും വിൽപ്പന നടത്തിയതായും അന്വേഷണത്തിനിടെ ചിലർ തങ്ങൾക്ക് മൊഴി നൽകിട്ടുണ്ടെന്ന് ഇ ഡി തങ്ങളുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
2012 മുതൽ 2019 വരെയുളള കാലയളവിൽ ബിനീഷ് കോടിയേരി വിവിധ അക്കൗണ്ടുകളിലൂടെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് അനൂപിന് 5,17,36,600 രൂപ കൈമാറി. ഇതേ കാലയളവിൽ ബിനീഷ് ആദായ നികുതി വകുപ്പിന് നൽകിയ കണക്കുമായി ഈ തുക ഒട്ടും ഒത്തു പോകുന്നതല്ല. ഈ പണം മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നും എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.