Crime
എല്ലാം ക്യാമറയിൽ പകർത്തിയിട്ടുണ്ട്’; ചോദ്യം ചെയ്യലിനിടെ മർദ്ദിച്ചെന്ന അരവിന്ദാക്ഷന്‍റെ ആരോപണം തള്ളി ഇഡി
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷനെ ചോദ്യം ചെയ്യലിനിടെ മർദ്ദിച്ചുവെന്ന ആരോപണം തള്ളി ഇഡി. കൊച്ചി ഇഡി യൂണിറ്റാണ് അരവിന്ദാക്ഷന്‍റെ ആരോപണം തള്ളി രംഘത്തെത്തിയത്. കേസിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജന്‍റെയും കെ രാധാകൃഷ്ണന്‍റെയും പേരുകൾ പറയാന്‍ ആവശ്യപ്പെട്ട് ഇഡി ഉപദ്രവിച്ചെന്നാണ് ഇയാൾ ആരോപിച്ചത്.
എന്നാൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും സാധാരണ രീതിയിലുള്ള ചോദ്യം ചെയ്യലാണ് നടന്നതെന്നും ഇഡി വ്യക്തമാക്കി. പൊലീസ് നടപടി കാര്യമാക്കേണ്ടെന്നും, അന്വേഷണവുമായി മുന്നോട്ടു പോകാന്‍ ഇഡി തലപ്പത്തു നിന്നും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എല്ലാം ക്യാമറയിൽ പകർത്തുന്നുണ്ടെന്നും ഇഡി ഓഫീസിൽ പൊലീസ് എത്തിയതിൽ അതൃപ്തിയുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതരായ പല നേതാക്കൾക്കെതിരെയും മൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണവും റെയ്ഡുകളും നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരെ പരാതി നൽകി സമ്മർദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഇഡി ഓഫീസുകളിൽ 24 ഓളം സിസിടിവികളുണ്ട്. കൂടാതെ ചോദ്യം ചെയ്യൽ വീഡിയോയിൽ റെക്കോർഡ് ചെയ്തിട്ടുള്ളതാണെന്നും ഇഡി അറിയിച്ചു. അന്വേഷണവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഇഡി വ്യക്തമാക്കി.
