Connect with us

Crime

നോട്ട് നിരോധന കാലത്ത് കണ്ണൻ പ്രസിഡണ്ടായ ബാങ്കിൽ നിന്ന് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു.മൊയ്തീനെ പ്രതി ചേര്‍ക്കുന്നതിന് തെളിവുണ്ടെന്ന് ഇ ഡി

Published

on

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുതട്ടിപ്പു കേസിലെ പ്രതികളുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണനു അടുത്ത ബന്ധമെന്ന് ഇ ഡി.  ഇതുവരെ പുറത്ത് വന്ന പേരുകള്‍ക്കു പുറമേ സിപിഎമ്മിന്റെ കൂടുതല്‍ നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ണന്റെ മൊഴികള്‍ കാണിക്കുന്നു. ഇന്നലെ എട്ടു മണിക്കൂറോളമാണ് കണ്ണനെ ഇ ഡി കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്തത്.

കരുവന്നൂര്‍ ബാങ്കില്‍ നിന്നു വ്യാജ വായ്പകള്‍ വഴി കോടികള്‍ തട്ടിയ പി. സതീഷ്‌കുമാര്‍, കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹ. ബാങ്കില്‍ വന്‍തുക നിക്ഷേപിച്ചിരുന്നു. ചില ദിവസങ്ങളില്‍ എല്ലാ ചട്ടങ്ങളും മറികടന്ന് കോടികളുടെ ഇടപാടു നടത്തി. ഈ ബാങ്കുവഴി നോട്ട് നിരോധന കാലത്ത് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു. ഇതിലേറെയും സതീഷ്‌കുമാര്‍ വിദേശത്തേക്കു കടത്തി. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഇ ഡി നേരത്തെ ബാങ്കില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ കണ്ണനെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്.

അയ്യന്തോള്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രവീന്ദ്രനാഥിനെയും അടുത്ത ദിവസംതന്നെ വിളിപ്പിക്കുമെന്ന് ഇ ഡി അറിയിച്ചു. എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ മിക്ക ഇടപാടും നടത്തിയത്. ഈ ബാങ്കിന്റെ സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 27 കോടിയിലേറെ ബിനാമി വായ്പയായി തട്ടിയ പി.പി. കിരണിന് കരുവന്നൂരില്‍ നിന്നു വായ്പ ലഭിക്കാന്‍ ഒന്നരക്കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരണമെന്ന് തട്ടിപ്പിലെ പ്രധാന പ്രതിയും മുന്‍ ബാങ്ക് മാനേജരുമായ ബിജു കരീം ആവശ്യപ്പെട്ടിരുന്നു. ഈ തുക നല്കിയത് സതീഷ്‌കുമാറാണ്. തുക സതീഷ്‌കുമാര്‍ കൈമാറിയത് കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ നിന്നായിരുന്നു. ഈ അക്കൗണ്ട് ട്രാന്‍സ്ഫര്‍ രേഖകള്‍ നേരത്തേ ഇ ഡി പിടിച്ചെടുത്തിരുന്നു. അയ്യായിരത്തോളം ഇടപാടു രേഖകളാണ് സംശയകരമായി ഇ ഡി അന്ന് ബാങ്കില്‍ നിന്ന് കണ്ടെടുത്തത്.
ഈ തുക സതീഷ്‌കുമാര്‍ അറിയാതെ ബിജു കരീമും കിരണും കൂടി വകമാറ്റി. ഇതേത്തുടര്‍ന്ന് സതീഷ്‌കുമാര്‍ എ.സി. മൊയ്തീനോടും കണ്ണനോടും പരാതിപ്പെട്ടു. ഇവരുടെ നിര്‍ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഇടപെട്ടു. പിന്നാലെ സതീഷ്‌കുമാറിന് ഒന്നരക്കോടിക്കു പകരം പലിശയടക്കം മൂന്നര കോടി കൊടുത്താണ് പ്രശ്‌നം അവസാനിപ്പിച്ചത്. ഈ തുക നല്കിയത് കരുവന്നൂര്‍ ബാങ്കില്‍ നിന്നാണ്. മൂന്നു ബാഗുകളിലായി ഈ പണം സതീഷിന്റെ വീട്ടിലെത്തിച്ചപ്പോള്‍ സിപിഎം പ്രാദേശിക നേതാക്കളായ അരവിന്ദാക്ഷനും
മധുവുമുണ്ടായിരുന്നുവെന്ന് ഇ ഡിക്ക് വിവരം ലഭിച്ചു.

ജില്ലയില്‍ കൂടുതല്‍ സഹകരണ ബാങ്കുകളിലെ വിവരങ്ങളും ഇ ഡി തേടിയിട്ടുണ്ട്. കുട്ടനെല്ലൂര്‍, കൂനംമൂച്ചി, തിരൂര്‍, കോലഴി സഹകരണ ബാങ്കുകളിലെ കാര്യങ്ങളും ഇ ഡി ശേഖരിക്കുന്നു. ഇ ഡിക്കെതിരേ പരാതി ഉന്നയിച്ച പി.ആര്‍. അരവിന്ദാക്ഷന്‍, അനൂപ് , ഡേവിസ് കാട അടക്കമുള്ളവരെയും വീണ്ടും ചോദ്യം ചെയ്യും. കണ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവരുടെ തുടര്‍ ചോദ്യം ചെയ്യല്‍. ബിനാമി ലോണ്‍ തട്ടിപ്പില്‍ എ.സി. മൊയ്തീനെ പ്രതി ചേര്‍ക്കുന്നതിന് തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കുന്നു. മൊയ്തീന് വീണ്ടും നോട്ടീസയക്കാൻ ഇന്ന് സാധ്യതയുണ്ട്.

Continue Reading