Connect with us

Crime

ഞാൻ പഴയ എസ്എഫ്‌ഐക്കാരനാണ്. അത് വിജയനും നായനാർക്കും അറിയാം. പക്ഷേ, ഗോവിന്ദന് അറിയില്ലായിരിക്കും

Published

on

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തുന്ന അന്വേഷണം തന്നെ സഹായിക്കാൻ വേണ്ടിയാണെന്ന ആരോപണം തള്ളി ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപി. ഇഡി അന്വേഷണം ആരംഭിച്ചതിന് ശേഷമല്ല ഞാൻ ഈ വിഷയം ഉയർത്തിയതെന്നും കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ സെപ്തംബറിൽ വിഷയത്തിൽ ഇടപെടുമെന്ന സൂചന നൽകിയിരുന്നു. ഒരു കൊല്ലം കഴിഞ്ഞാണ് പദയാത്ര നടത്തിയത്. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്ന് പറയുന്നവരോട് എന്ത് പറയാനാണ്. ഞാൻ പഴയ എസ്എഫ്‌ഐക്കാരനാണ്. അത് വിജയനും നായനാർക്കും അറിയാം. പക്ഷേ, ഗോവിന്ദന് അറിയില്ലായിരിക്കും’- സുരേഷ് ഗോപി പറഞ്ഞു.

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുന്ന സുരേഷ് ഗോപിയെ ജയിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് കരുവന്നൂരിൽ ഇഡി എത്തിയതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. സുരേഷ് ഗോപിയെ തൃശൂരിൽ ജയിപ്പിക്കുന്നതിനായുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ഇഡി ബലപ്രയോഗത്തിലൂടെയുള്ള ചോദ്യം ചെയ്യലിലേക്ക് കടന്നതെന്ന് എംവി ഗോവിന്ദൻ ആരോപിച്ചിരുന്നു.കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ അനുകൂലിക്കുന്നില്ല. തെറ്റായ പ്രവണതയെ പൂഴ്ത്തിവയ്ക്കാനോ ന്യായീകരിക്കാനോ ഇല്ല. തെറ്റ് തിരുത്തി മുന്നോട്ട് പോകണം. അതിനാവശ്യമായ നിലപാടുകൾ എടുക്കണം. ഇഡിയുടെ അജണ്ടയ്ക്ക് അനുസരിച്ചാണ് മാദ്ധ്യമങ്ങളുടെ പ്രവർത്തനം. കരുവന്നൂർ സഹകരണ ബാങ്കിലേത് സിപിഎം കൊള്ളയെന്ന് വരുത്തിതീർക്കാനുള്ള നീക്കത്തെ തുറന്നുകാട്ടുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Continue Reading