Crime
ഇന്ത്യ നൽകിയ ഉറച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്രയേൽ.

ജറുസലം: ഹമാസ് നടത്തിയ മിന്നലാക്രമണത്തെ അപലപിച്ച് ഇന്ത്യ നൽകിയ ഉറച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്രയേൽ. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റൽ നയതന്ത്ര ടീമിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ‘നന്ദി ഇന്ത്യ’ എന്നു പോസ്റ്റ് ചെയ്തത്. ‘#Indiaiswithisrael എന്ന ഹാഷ്ടാഗ് എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ് ആയെന്ന് വ്യക്തമാക്കുന്ന ഒരു ചിത്രവും അവർ പങ്കു വച്ചിരിക്കയാണ്.
ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇസ്രയേലിനു നേരെ നടന്നത് ഭീകരാക്രമണമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുന്നതായും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും വ്യക്തമാക്കി. സമൂഹമാധ്യമമായ എക്സിലെ മോദിയുടെ പോസ്റ്റ്, ഇസ്രയേലിലെ ഇന്ത്യൻ എംബസി ഹീബ്രു ഭാഷയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. പിന്നാലെ, ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നാഒർ ഗിലോർ മോദിയെ നന്ദി അറിയിച്ചു.