Connect with us

Crime

മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ ഹര്‍ജിക്കാരന്‍ മരിച്ച സാഹചര്യത്തില്‍ ബന്ധുക്കളെ കക്ഷിചേരാന്‍ അനുവദിച്ച് വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. വാദം തുടരുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ആദായ നികുതി സെറ്റില്‍മെന്റ് രേഖയില്‍ പണം കൈപ്പറ്റിയ രാഷ്ടീയക്കാര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ആവശ്യം. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഗിരീഷ് ബാബു മരിച്ച സാഹചര്യത്തില്‍ ഭാര്യയെ കക്ഷിചേര്‍ത്ത് വാദം കേള്‍ക്കണമെന്നാണ് ആവശ്യം.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ടാണ് കുഴല്‍നാടന്‍ നല്‍കിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാല്‍ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇനി രണ്ടാം ഘട്ട പോരാട്ടമെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍ നിയമപോരാട്ടം തുടങ്ങിയെന്നും പറഞ്ഞിരുന്നു. ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനല്ലെന്നും ചോദിച്ച ചോദ്യങ്ങള്‍ക്ക് പിണറായി അടക്കം മറുപടി നല്‍കിയില്ലെന്നും കുഴല്‍നാടന്‍ ആരോപിച്ചു.
ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ ഉത്തരവില്‍ കാണുന്ന പിവി പരാമര്‍ശം മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെയാണ് പി വി എന്നാല്‍ പിണറായി വിജയന്‍ തന്നെയെന്ന് നിയമപരമായി തെളിയിക്കും എന്ന് മാത്യു കുഴല്‍നാടന്റെ വെല്ലുവിളി. മാസപ്പടി വെറും ആരോപണമല്ല, നടന്നത് വലിയ അഴിമതിയാണ്. അഴിമതി നിരോധന നിയമത്തിന്റെ പരിധിയല്‍ പെടുത്തി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. അതിനാവശ്യമായ രേഖകളും തെളിവുകളും വിജിലന്‍സ് ഡയറക്ടര്‍ ടികെ വിനോദ് കുമാറിന് നേരിട്ട് സമര്‍പ്പിച്ചെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Continue Reading