Crime
ഇസ്രയേൽ ആക്രമണം തുടക്കം മാത്രം, ലോകം മുഴുവൻ ഞങ്ങളുടെ നിയമം കൊണ്ടുവരും’: മുന്നറിയിപ്പുമായി ഹമാസ് കമാൻഡർ

തുടക്കത്തിലെ മാത്രം ലക്ഷ്യമാണ് ഇസ്രയേലെന്നും ലോകമാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ പൂർണ ലക്ഷ്യമെന്നും പ്രഖ്യാപിച്ച് ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ. വീഡിയോ സന്ദേശത്തിലൂടെയാണ് ഹമാസിന്റെ ലക്ഷ്യത്തെക്കുറിച്ച് മഹ്മൂദ് അൽ-സഹർ വ്യക്തമാക്കിയത്
‘ഇസ്രയേൽ ആദ്യലക്ഷ്യം മാത്രമാണ്. ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ മുഴുവൻ പുതിയ സംവിധാനത്തിന് കീഴിലായിരിക്കും. അനീതിയോ, അക്രമമോ, അടിച്ചമർത്തലോ, കൊലപാതകമാേ ഇല്ലാത്ത ഒരു സംവിധാനമാകും അത്. പാലസ്തീൻകാർക്കും, അറബ് വംശജർക്കും നേരെയുള്ള എല്ലാ അതിക്രമങ്ങളും അവസാനിപ്പിക്കുക തന്നെ ചെയ്യും’ വീഡിയോ സന്ദേശത്തിൽ അൽ സഹർ പറഞ്ഞു.വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം ഹമാസിനെ തുടച്ചുനീക്കാനുള്ള തന്റെ പ്രതിജ്ഞാബദ്ധത വെളിവാക്കിക്കൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.
അയൽ രാജ്യങ്ങളായ ലെബനനിലും സിറിയയിലും നിന്നു കൂടി ആക്രമണം തുടങ്ങിയതോടെ ഇസ്രയേൽ മൂന്നിടത്ത് പോർമുഖങ്ങൾ തുറന്നു. അതിനിടെ, ഇസ്രയേലിൽ പ്രതിപക്ഷത്തെ കൂടി ഉൾപ്പെടുത്തി സംയുക്ത മന്ത്രിസഭ രൂപീകരിച്ചു.ഇന്നലെ തെക്കൻ ഇസ്രയേൽ നഗരമായ അഷ്കെലോണിലേക്ക് ഹമാസ് തൊടുത്ത റോക്കറ്റുകൾ ശിശു സംരക്ഷണ കേന്ദ്രത്തിൽ പതിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതനാഹ്യു തന്നെ പുറത്തുവിട്ടു. തങ്ങളുടെ 169 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ ഇന്നലെ ഔദ്യോഗികമായി അറിയിച്ചു.ഗാസ ദുരിത നഗരംഇസ്രയേൽ ആക്രമണത്തിൽ ഗാസ ദുരിത നഗരമായി. ഏക വൈദ്യുതി നിലയത്തിലെ ഇന്ധനം തീരാറായതോടെ നഗരം ഇരുട്ടിന്റെ വക്കിലാണ്. ഹമാസിന്റെ 450 കേന്ദ്രങ്ങളാണ് ഇതുവരെ ഇസ്രയേൽ ആക്രമിച്ചത്. ഇതിൽ ഇരുനൂറും ഹമാസിന്റെ ശക്തികേന്ദ്രമായ അൽ ഫുർഖാനിലാണ്. നൂറുകണക്കിന് ആളുകൾ മരിച്ചെന്നാണ് റിപ്പോർട്ട്.
അഭയാർത്ഥി ക്യാമ്പുകളിൽ പട്ടിണിയാണ്. ഗാസ നഗര ഹൃദയവും സമ്പന്ന മേഖലയുമായ റിമാൽ പൂർണമായും ഇല്ലാതായി. അപ്പാർട്ട്മെന്റുകളും വാണിജ്യ കേന്ദ്രങ്ങളും പള്ളികളും സർവകലാശാലകളും ടെലികമ്മ്യൂണിക്കഷൻ കേന്ദ്രവും വിദേശ മാദ്ധ്യമ സ്ഥാപനങ്ങളും ബാക്കിയില്ല. ഇസ്രയേലിന്റെ സൈനിക വിമാനങ്ങൾ കണ്ടെത്താനുള്ള ഹമാസിന്റെ ആധുനിക സംവിധാനങ്ങൾ ഇന്നലെ ഇസ്രയേൽ പോർവിമാനങ്ങൾ തകർത്തു. ഗാസയിലെ യു. എൻ ആസ്ഥാനം തകർന്നു. ഇതുവരെ 9 യു. എൻ ജീവനക്കാർ കൊല്ലപ്പെട്ടു.ഹമാസ് സ്ഥാപകൻ കൊല്ലപ്പെട്ടുഹമാസിന്റെ സ്ഥാപകരിൽ ഒരാളും മുതിർന്ന ഹമാസ് അംഗവുമായ അബ്ദ് അൽ – ഫത്താ ദുഖൻ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ‘ അബു ഒസാമ ‘ എന്നറിയപ്പെടുന്ന ഇയാൾ പാലസ്തീനിയൻ അഭയാർത്ഥി ക്യാമ്പായ നുസെയ്റത്തിൽ ഒളിവിൽ കഴിയുകയായിരുന്നെന്നാണ് വിവരം. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖാസം ബ്രിഗേഡിന്റെ സുപ്രീം കമാൻഡർ മുഹമ്മദ് ദീഫിന്റെ പിതാവിന്റെ വസതി തകർത്തു. പിതാവും സഹോദരനും രണ്ട് ബന്ധുക്കളും കൊല്ലപ്പെട്ടു. മുഹമ്മദ് ദീഫിന്റെ വിവരങ്ങൾ ലഭ്യമല്ല. ഹമാസിന്റെ നിയമവിദഗ്ദ്ധൻ സയീദ് അൽ ദാഷന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.