Connect with us

Crime

ശങ്കരാചാര്യര്‍ ജനിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെന്ന കണ്ടെത്തലുമായി നിയുക്ത പിഎസ്‌സി മെമ്പർ. ഇവരുടെ പിഎച്ച്ഡി പ്രബന്ധം വിവാദത്തില്‍

Published

on

തിരുവനന്തപുരം: ആദിശങ്കരാചാര്യര്‍ ജനിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെന്ന കണ്ടെത്തലുമായി നിയുക്ത പിഎസ്‌സി മെമ്പറും ഡിവൈഎഫ്‌ഐ നേതാവുമായ ഡോ. പ്രിന്‍സി കുര്യാക്കോസ്. ഇവരുടെ പിഎച്ച്ഡി പ്രബന്ധം വിവാദത്തില്‍. പ്രിന്‍സി ഗവേഷണ ബിരുദം നേടിയത് രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ചാണെന്നും പ്രബന്ധത്തില്‍ ശ്രീശങ്കരാചാര്യരെ കുറിച്ച് തെറ്റായ പരാമര്‍ശവും ഗുരുതരപിശകുകളും വരുത്തിയിട്ടുണ്ടെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ മുന്‍ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും കൂടിയാണ് പ്രിന്‍സി.

2018ലാണ് ‘ശങ്കരാചാര്യരുടെയും ചട്ടമ്പിസ്വാമികളുടെയും വേദ ആശയങ്ങളെക്കുറിച്ചുള്ള താരതമ്യപഠനം’ എന്ന വിഷയത്തില്‍ പ്രിന്‍സി ഗവേഷണ ബിരുദം നേടിയത്. കാലടി സര്‍വകലാശാല മുന്‍ വിസി ഡോ. ധര്‍മരാജ് അടാട്ടിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.

പൊതുവര്‍ഷം എട്ട്-ഒന്‍പത് നൂറ്റാണ്ടുകളിലാണ് ശങ്കരാചാര്യര്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. എന്നാല്‍ പ്രിന്‍സി കുര്യാക്കോസിന്റെ പ്രബന്ധത്തിലെ അധ്യായം രണ്ട് പേജ് എട്ട് അനുസരിച്ച്, ശങ്കരാചാര്യര്‍ ജീവിച്ചിരുന്നത് പതിനെട്ട്-പത്തൊന്‍പത് നൂറ്റാണ്ടുകളിലാണ്. 19-ാം നൂറ്റാണ്ടിലാണ് അയിത്തം നിലവില്‍ വന്നതെന്നും പ്രബന്ധത്തിൽ പറയുന്നു.

അബദ്ധജടിലമായ ഇംഗ്ലീഷ് പ്രയോഗം, അക്ഷരത്തെറ്റുകള്‍, വ്യാകരണപ്പിശക് എന്നിവയും പ്രബന്ധത്തിലുണ്ട്. ഓപ്പണ്‍ ഡിഫന്‍സില്‍ പിശകുകള്‍ ചൂണ്ടിക്കാട്ടിയിട്ടും അതിനെ അവഗണിച്ചാണ് പിഎച്ച്ഡി നല്‍കാന്‍ അന്നത്തെ വിസി ശുപാര്‍ശ ചെയ്തതെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു

മൂന്നു പതിറ്റാണ്ട് കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ പ്രൊഫസ്സറും തുടര്‍ന്ന് വൈസ് ചാന്‍സലറുമായിരുന്ന ഗവേഷണ മാര്‍ഗദര്‍ശിക്ക് ശങ്കരാചാര്യരുടെ ജീവിതകാലഘട്ടം പോലും അറിയില്ല എന്നത് സാംസ്‌ക്കാരിക കേരളത്തിന് അപമാനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പിഎസ്‌സിയിലേത് രാഷ്‌ട്രീയ നിയമനമാക്കി മാറ്റുകയാണ് സര്‍ക്കാരെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും കണ്‍വീനര്‍ എം. ഷാജര്‍ഖാനും ആരോപിച്ചു

Continue Reading