Connect with us

KERALA

പരിപാടിയില്‍ പങ്കെടുക്കാന്‍ ആളില്ല; പ്രകോപിതനായി വേദി വിട്ട് എം എം മണി

Published

on

ഇടുക്കി: ഉദ്ഘാടന പരിപാടിയില്‍ ആളില്ലാത്തതിനാല്‍ പ്രകോപിതനായി വേദി വിട്ട് എം എം മണി എംഎല്‍എ. മണിയുടെ നാവ് നേരെയാകുവാന്‍ പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് മിനി പ്രിന്‍സ് പ്രസിഡന്റായുള്ള പഞ്ചായത്തിന്റെ കേരളോത്സവ സമാപന വേദിയിലാണ് സംഭവം. കരുണാപുരം പഞ്ചായത്ത് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗിക്കുന്നുവെന്ന് മണി ആരോപിക്കുമ്പോള്‍ നേരത്തെ പരിപാടി തുടങ്ങിയതിനാല്‍ ആളുകുറഞ്ഞെന്നാണ് മിനിയുടെ മറുപടി.
കരുണാപുരം ഗ്രാമപഞ്ചായത്തിലെ പണികഴിപ്പിച്ച ഓപ്പണ്‍ സ്റ്റേജിന്റെ ഉദ്ഘാടനവും കേരളോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കുന്ന വേദിയിലായിരുന്നു സംഭവം. പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വന്നത്. ഇതാണ് എംഎം മണിയെ പ്രകോപിപ്പിച്ചത്. ഉദ്ഘാടനം നടത്തിയെന്നുവരുത്തി മണി ഉടന്‍ മടങ്ങി. എം എം മണി പറഞ്ഞതുകൊണ്ട് ചടങ്ങ് നേരത്തെ നടത്തിയതാണ് ആളുകള്‍ കുറയാന്‍ കാരണമായി സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നത്. ആറ് മണിക്ക് തീരുമാനിച്ച പരിപാടി അഞ്ചേകാലിന് തുടങ്ങേണ്ടിവന്നാല്‍ ആളുണ്ടാകുമോയെന്നാണ് പ്രഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സിന്റെ ചോദ്യം.
മണിയുടെ നാവ് നേരെയാകുവാന്‍ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചിതിലുള്ള ചൊരുക്ക് ഇവിടെ തീര്‍ത്തുവെന്ന് മിനി പ്രിന്‍സ് രഹസ്യമായി ആരോപിക്കുന്നുണ്ട്. അതേസമയം ആളെകൂട്ടാതെ എവിടെ പരിപാടി നടത്തിയാലും എതിര്‍ക്കുമെന്നാണ് എം എം മണി പറയുന്നത്. പ്രാര്‍ത്ഥനാ യജ്ഞത്തിലുള്ള ചോരുക്കെന്ന ആരോപണത്തെ അദ്ദേഹം ചിരിച്ചു തള്ളുന്നു.

Continue Reading