Connect with us

KERALA

തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും.

Published

on

തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിനു ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. മാളികപ്പുറം മേല്‍ശാന്തി വി. ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടയും തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.

തുലാം ഒന്നായ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മാല്യവും പതിവ് അഭിഷേകവും. 5.30 ന് മണ്ഡപത്തില്‍ മഹാ ഗണപതിഹോമം നടക്കും. പുലര്‍ച്ചെ 5.30 മുതല്‍ നെയ്യഭിഷേകം ആരംഭിക്കും. 7.30 ന് ഉഷപൂജയ്ക്കു ശേഷം പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ആദ്യം ശബരിമലമേല്‍ശാന്തി നറുക്കെടുപ്പാണ് നടക്കുക. 17 പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയിലുള്ളത്. 12 പേര്‍ മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റിലുണ്ട്. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന വൈദേഹ് വർമ ശബരിമല മേല്‍ശാന്തിയെ നറുക്കെടുക്കുമ്പോള്‍ നിരുപമ ജി. വര്‍മ ആയിരിക്കും മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുക്കുക. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍,ജിസുന്ദരേശന്‍,ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്,ശബരിമല സ്പെഷ്യല്‍ കമ്മീഷണ‌ർ എം. മനോജ്, ദേവസ്വം സെക്രട്ടറി ജി.ബൈജു, നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ടേര്‍ഡ് ജസ്റ്റിസ് പത്മനാഭന്‍നായര്‍, ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ വി. കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്.പി. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ മേല്‍ശാന്തി നറുക്കെടുപ്പ് ദിവസം ശബരിമലയില്‍ സന്നിഹിതരാകും.

തുലാമാസപൂജകളുടെ ഭാഗമായി ഒക്റ്റോബർ 17 മുതല്‍ 22 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലിലും പമ്പയിലും ഭക്തര്‍ക്കായി സ്പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.

പിന്നീട് ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട നവംബര്‍ 10 ന് വൈകുന്നേരം തുറക്കും. 11ന് ആണ് ആട്ട ചിത്തിര. അന്നേദിവസം രാത്രി 10 മണിക്ക് നട അടച്ചാല്‍ പിന്നെ മണ്ഡലകാല മഹോത്സവത്തിനായി നവംബര്‍ 16 ന് വൈകുന്നേരം അഞ്ചിനാണ് തുറക്കുക. നവംബര്‍ 17 നാണ് വൃശ്ചികം ഒന്ന്.”

Continue Reading