Crime
മരണസംഖ്യ മൂന്നായി, ചികിത്സയിലായിരുന്ന 12-കാരിയും മരിച്ചു.

കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ കൺവെൻഷനിടെ നടന്ന ബോംബ്സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
സംഘടിത ഭീകരാക്രമണമെന്ന സംശയമുണർത്തിയെങ്കിലും പിന്നീട് യഹോവ സാക്ഷികളുടെ വിശ്വാസികളിലൊരാളായിരുന്ന ചെലവന്നൂർ വേലിക്കകത്ത് വീട്ടിൽ മാർട്ടിൻ ഡൊമിനിക് (57) ആണ് സ്ഫോടനം നടത്തിയതെന്ന സ്ഥിരീകരണത്തിൽ പോലീസെത്തി. കൊച്ചി തമ്മനത്ത് വാടകയ്ക്ക് താമസിക്കുകയാണ് മാർട്ടിൻ.
താനാണ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ട് മാർട്ടിൻ ഡൊമിനിക് തൃശ്ശൂർ കൊടകര സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഉത്തരവാദിത്വമേറ്റുകൊണ്ടുള്ള വീഡിയോയും സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. സ്ഫോടനം നടത്താനുപയോഗിച്ച റിമോർട്ട് കൺട്രോൾ ഉൾപ്പെടെ വീട്ടിൽനിന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചോദ്യംചെയ്തു വരികയാണ്. യു.എ.പി.എ.ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.
പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻ വീട്ടിൽ ലിയോണ പൗലോസ് (55) സംഭവ സ്ഥലത്തുവെച്ച് മരിച്ചു. രാത്രി ഒരുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ച തൊടുപുഴ വണ്ണപ്പുറം സ്വദേശി കുളത്തിൽ കുമാരി(52)യാണ് മരിച്ച രണ്ടാമത്തെയാൾ. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12)യാണ് മരിച്ച മൂന്നാമത്തെയാൾ. വെന്റിലേറ്ററിലായിരുന്ന ലിബിന പുലര്‍ച്ചെ 1.30 ഓടെയാണ് മരിച്ചത്.