Connect with us

Crime

ഒരു വോട്ടിന് മുന്നില്‍ വന്നത് എസ്.എഫ്.ഐ. സ്ഥാനാര്‍ഥിയായിരുന്നുവെങ്കിൽ എന്തിന് റീക്കൗണ്ടിങ് ആവശ്യപ്പെട്ടെന്ന് കോടതി

Published

on

കൊച്ചി: വിവാദമായ തൃശ്ശൂര്‍ കേരള വര്‍മ കോളേജ് തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. പ്രതിനിധിയായ ചെയര്‍മാന്‍ സ്ഥാനാര്‍ഥി സ്ഥാനമേറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞില്ല. എന്നാൽ തിരഞ്ഞെടുപ്പിനെതിരെ കെ.എസ്.യു നൽകിയ ഹര്‍ജിയിലെ അന്തിമ വിധിക്ക് വിധേയമാവും ചെയര്‍മാന്‍ സ്ഥാനമെന്നും കോടതി പറഞ്ഞു. ആദ്യവട്ട വോട്ടെണ്ണലില്‍ ഒറ്റവോട്ടിന് എസ്.എഫ്.ഐ. ആയിരുന്നു മുന്നിലെങ്കില്‍ എന്തിനാണവര്‍ റീക്കൗണ്ടിങ് ആവശ്യപ്പെട്ടതെന്നും കോടതി ആരാഞ്ഞു.

റീക്കൗണ്ടിങ്ങിനൊടുവില്‍ വിജയിയായി പ്രഖ്യാപിച്ച എസ്.എഫ്.ഐ. സ്ഥാനാര്‍ഥി സ്ഥാനമേറ്റെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു. കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവശ്യമായ രേഖകളൊന്നും ഹര്‍ജിക്കാരന്‍ കോടതി മുമ്പാകെ ഹാജരാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ടി.ആര്‍. രവി അറിയിച്ചു.
കെ.എസ്.യു. സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടനുവേണ്ടി മാത്യു കുഴല്‍നാടനാണ് ഹാജരായത്.

തന്റെ കക്ഷിയായ ശ്രീക്കുട്ടനെ തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ചുവെന്നും തുടര്‍ന്ന് റീക്കൗണ്ടിങ് നടത്തി തോല്‍പ്പിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ കോടതിയില്‍ വാദിച്ചു. എങ്കില്‍ അതിനുള്ള രേഖയെവിടെയെന്ന് കോടതി ചോദിച്ചു. ഇക്കാര്യം വാക്കാലാണ് അറിയിച്ചതെന്ന് മാത്യു കുഴല്‍നാടന്‍ മറുപടി നല്‍കി. സാമൂഹിക മാധ്യമങ്ങളില്‍ വന്ന രേഖകള്‍ കൂടി അദ്ദേഹം കോടതിയില്‍ ഹാജരാക്കി. സാമൂഹിക മാധ്യമ പോസ്റ്റുകള്‍ കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ല. അതിനാല്‍ കേരള വര്‍മ കോളേജിലെ റിട്ടേണിങ് ഓഫീസറോട് തിരഞ്ഞെടുപ്പ് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതിആവശ്യപ്പെട്ടു.

അതേസമയം, എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റീക്കൗണ്ടിങ് നടത്തിയത് എന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കോടതിയെ അറിയിച്ചത്. റീക്കൗണ്ടിങ് ആവശ്യപ്പെടാന്‍ സ്ഥാനാര്‍ഥികള്‍ക്ക് അവകാശമുണ്ട്. അതാണ് പരിഗണിച്ചത്. ഒരു വോട്ടിന് മുന്നില്‍ വന്നത് എസ്.എഫ്.ഐ. സ്ഥാനാര്‍ഥിയായിരുന്നു എന്നും സ്റ്റാന്‍ഡിങ് കോണ്‍സല്‍ വാദിച്ചു. ഈ സമയത്തായിരുന്നു ഒറ്റവോട്ടിന് മുന്നിലായിരുന്നവര്‍ എന്തിനാണ് റീക്കൗണ്ടിങ് ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചത്.

Continue Reading