KERALA
തമിഴ്‌നാട് എം.വി.ഡി. പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ഗിരീഷിന് വിട്ടു നൽകി
കോയമ്പത്തൂര്‍: നിയമ ലംഘനത്തിന്റെ പേരിൽ തമിഴ്‌നാട് എം.വി.ഡി. പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ഗിരീഷിന് വിട്ടുകൊടുത്തു. 10,000 രൂപ പിഴയടച്ചാണ് ബസ് കോയമ്പത്തൂര്‍ സെൻട്രൽ ആർ.ടി.ഒ. വിട്ടുനൽകിയത്.
ഞായറാഴ്ചയായിരുന്നു ബസ് തമിഴ്‌നാട് എം.വി.ഡി. പിടിച്ചെടുത്തത്. തുടർന്ന്, ബസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമ ഗിരീഷ് തമിഴ്‌നാട് ആർ.ടി.ഒയ്ക്ക് കത്ത് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 10,000 രൂപ പിഴയടച്ചതിന് ശേഷം ബസ് വിട്ടുനൽകാൻ തീരുമാനമായത്. ചൊവ്വാഴ്ച വൈകീട്ട് കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് ബസ് സര്‍വീസ് നടത്തുമെന്നാണ് വിവരം.
ശനിയാഴ്ചയും റോബിൻ ബസിന് തമിഴ്നാട് എം.വി.ഡി. പിഴയിട്ടിരുന്നു. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമായി 70,410 രൂപയാണ് അന്ന് പിഴയിട്ടത്. ഇതേദദിവസം, കേരളത്തിൽ നാലിടത്തായി 37,500 രൂപയോളവും ബസിന് പിഴയിട്ടിരുന്നു.
