Connect with us

Education

കാലിക്കറ്റ് സർവകലാശാലാ സെനറ്റ് വിഷയത്തിൽ തിരിച്ചടിച്ച് ഗവർണർ  സർക്കാർ നൽകിയ 18 പേരുടെ ശുപാർയിൽ രണ്ട് വിദ്യാർത്ഥി പ്രതിനിധികളുടെ പേര് മാത്രം അംഗീകരിച്ചു.ദേശാഭിമാനി റിപ്പോർട്ടറെയും വെട്ടി

Published

on

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് തനിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സർക്കാരിന് കാലിക്കറ്റ് സർവകലാശാലാ സെനറ്റ് വിഷയത്തിൽ തിരിച്ചടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ്ചാൻസലർ വഴി സർക്കാർ നൽകിയ 18 പേരുടെ ശുപാർയിൽ കേവലം രണ്ട് വിദ്യാർത്ഥി പ്രതിനിധികളുടെ പേര് മാത്രമാണ് ഗവർണർ അംഗീകരിച്ചത്.  സർക്കാരിന് താത്പര്യമുള്ള 18 പേരുടെ പാനലിൽ ജേർണലിസ്റ്റ് ക്വോട്ടയിലേക്ക് പാർട്ടി പത്രമായ ദേശാഭിമാനിയുടെ റിപ്പോർട്ടറുമുണ്ടായിരുന്നു. ഇതും അംഗീകരിച്ചില്ല.

ഗവർണർക്ക് നേരിട്ട് ലഭിച്ച ബയോഡേറ്റകളും പരിഗണിക്കപ്പെട്ടു. ശുപാർശ ചെയ്യപ്പെട്ടവരിൽ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിനിധികളും പത്മശ്രീ ജേതാക്കളും,കോൺഗ്രസ്, ബിജെപി, മുസ്ലിംലീഗ് അനുഭാവികളുമുണ്ട്.

ഗവർണറുടെ നാമനിർദ്ദേശം വൈകിയതിനാൽ സെനറ്റ് രൂപീകരിച്ച് ആറു മാസമായിട്ടും സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. സർക്കാർ നാമനിർദ്ദേശം ചെയ്ത ആറു പേരാണ് ഇപ്പോൾ താത്കാലിക സിൻഡിക്കേറ്റിലുള്ളത്. 1988 ൽ ഗവർണറായിരുന്ന റാം ദുലാരി സിൻഹ അന്നത്തെ നായനാർ സർക്കാർ നൽകിയ ലിസ്റ്റിൽ നിന്നും പകുതി പേരെ മാറ്റി പകരം അന്ന് പ്രതിപക്ഷ നേതാവായിരുന്ന കെ.കരുണാകരൻ നൽകിയ പാനലിൽ നിന്നുള്ളവരെ കേരള സെനറ്റിലേയ്ക്ക് നാമനിർദ്ദേശം ചെയ്തിരുന്നു.

 ഇതൊഴിച്ച് സർക്കാർ നൽകുന്ന പാനലിലുള്ളവരെയാണ് ഗവർണർമാർ നാമനിർദ്ദേശം ചെയ്യാറുള്ളത്. കാലിക്കറ്റ് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് അടുത്തമാസം നടക്കും. കേരള സർവകലാശാലാ സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്തിരുന്ന 15 പേർ ഗവർണർക്കെതിരേ നീങ്ങിയതിനെത്തുടർന്ന് അവരെ പിൻവലിച്ചിരുന്നു.

Continue Reading