Crime
6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്

കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരി അഭിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. പ്രതികൾ കാണാമറയത്ത് തുടരുകയാണ്. അവരിലേക്ക് എത്താൻ അധികദൂരവും സമയവും വേണ്ടിവരില്ലെന്ന പല്ലവി ആവർത്തിക്കുന്നതല്ലാതെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതേസമയം കുട്ടിയെ തട്ടിക്കാണ്ടുപോയ സംഘാംഗമെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം ഇന്നലെ പുറത്തുവിട്ടിരുന്നു.
സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സംഘത്തിന് പുറത്തുനിന്ന് പലതവണ സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിന് പിന്നിൽ അടിമുടി ദുരൂഹതകൾ ഉണ്ടെന്നാണ് നിഗമനം. ഇതിന്‍റെ ചുരുൾ അഴിക്കുക അൽപ്പം ശ്രമകരമാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പ്രഫഷണൽ സംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഇവരുടെ ഇതുവരെയുള്ള നീക്കങ്ങളിൽ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ട്.
നേരത്തെ ചില സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുട്ടിയെ കണ്ടെത്തി അടുത്ത ദിവസത്തിലേക്ക് കടക്കുമ്പോഴും പ്രതികളിൽ ഒരാളിലേക്കെങ്കിലും എത്താൻ പൊലീസിന് കഴിയാത്തത് വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കുന്നത്. പ്രതികൾ കുട്ടിയുമായി തങ്ങിയ വലിയവീട് എവിടെയാണെന്ന കാര്യത്തിൽ ഇതുവരെയും ഒരു വ്യക്തതയും ഇല്ല. പൊലീസിന്‍റെ നീക്കങ്ങൾ സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി സംശയമുണ്ട്. ഇവരെ കണ്ടെത്തുന്നതിന് കൊല്ലം സിറ്റി പൊലീസിലെ നാല് സംഘങ്ങൾ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലടക്കം ഇന്നലെ രാവിലെ മുതൽ പരിശോധന ആരംഭിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം മോചനദ്രവ്യം ആവശ്യപ്പെട്ടത് 5 ലക്ഷം രൂപയായിരുന്നു. പിന്നീടത് വർധിപ്പിച്ചു 10 ലക്ഷം രൂപയാക്കി. കുട്ടിയുടെ ബന്ധുക്കളുമായി പ്രതികള്‍ രണ്ടാം തവണ ബന്ധപ്പെട്ടപ്പോള്‍ ബോസ് പറയുന്നത് അനുസരിച്ച് കുട്ടിയെ കൈമാറാം എന്നാണ് അറിയിച്ചത്. പത്തുലക്ഷം രൂപയ്ക്ക് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന് ഒരു ബോസ് കൂടി ഉണ്ടെന്ന് പറഞ്ഞത് അന്വേഷണത്തെ വഴിതെറ്റിക്കാനാണോ എന്ന സംശയവും ബലപ്പെടുന്നു. എന്നാല്‍ നാലംഗസംഘം പത്തുലക്ഷം രൂപ മാത്രം ലക്ഷ്യം വച്ച് ഇത്തരത്തിലൊരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് പൊതുവെയുള്ള നിഗമനം.
കൊല്ലം നഗരത്തിലോ നഗരസമീപത്തോ കഴിഞ്ഞദിവസം രാത്രി കുട്ടിയുമായി പ്രതികള്‍ക്ക് തങ്ങാന്‍ കഴിഞ്ഞതും പൊലീസിന്‍റെ വീഴ്ചയായാണ് ചിത്രീകരിക്കപ്പെടുന്നത്. പ്രതികള്‍ക്ക് ജില്ലയില്‍ ഒളിവില്‍ കഴിയാന്‍ ഇടവും കൂടുതല്‍ വാഹനസൗകര്യങ്ങളും ലഭിച്ചിരുന്നു എന്ന് വ്യക്തമായിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ കഴിയാതിരുന്നത് സേനയുടെ സൽപ്പേരിന് കളങ്കമായെന്നാണ് വിലയിരുത്തൽ.
കേസില്‍ കെഎൽ 04 എഎഫ് 3239 എന്ന നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസുമായി ബന്ധപ്പെടാൻ കൊല്ലം റൂറൽ പൊലീസ് നിർദേശിച്ചു. മലപ്പുറം സ്വദേശിക്ക് അനുവദിച്ച നമ്പറാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിൽ സംഘം ഉപയോഗിച്ചത്.
അതേസമയം, പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരിക്കുകയാണ് പൊലീസ്. കൊല്ലം റൂറൽ പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. ഡിഐജി നിശാന്തിനി അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. സിറ്റി, റൂറൽ മേഖലയിലെ എസിപിമാരും അന്വേഷണ സംഘത്തിലുണ്ട്. കാണാതാകൽ കേസുകളിൽ മികവ് തെളിയിച്ച ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.