Connect with us

Crime

മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ .പുനര്‍നിയമന ഉത്തരവില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന്

Published

on

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സി സ്ഥാനത്ത് നിന്ന് ഡോ. ഗോപിനാഥ് രവീന്ദ്രനെ നീക്കിയ നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറായ താന്‍ പുനര്‍നിയമന ഉത്തരവില്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കടുത്ത ഭാഷയിലാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ചത്.
പുനര്‍നിയമനം നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി തന്നോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമോ എന്നത് ധാര്‍മികതയുടെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചപ്പോള്‍ തന്നെ വിഷയത്തില്‍ ചട്ടലംഘനമുണ്ടെന്ന് താന്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമുണ്ടെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചുമത്തിയത്. ഗോപിനാഥ് രവീന്ദ്രനെ വി.സി സ്ഥാനത്ത് നിന്ന് നീക്കിയുള്ള വിധിയില്‍ ഗവര്‍ണര്‍ക്കെതിരെയും കോടതിയുടെ പരാമര്‍ശമുണ്ടായിരുന്നു.
ഗവര്‍ണറെയും സംസ്ഥാന സര്‍ക്കാരിനെയും വിധിയില്‍ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വൈസ് ചാന്‍സലറെ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് പുനര്‍നിയമനം അട്ടിമറിച്ചതെന്നും വിമര്‍ശിച്ച സുപ്രീംകോടതി ഗവര്‍ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും കുറ്റപ്പെടുത്തി. ചാന്‍സലര്‍ തന്റെ അധികാരം അടിയറവച്ചെന്നാണ് കോടതി നിരീക്ഷിച്ചത്.

.പുനര്‍നിയമനത്തിന് പ്രായം അടക്കം മാനദണ്ഡങ്ങള്‍ ബാധകമല്ലെന്നായിരുന്നു അന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയത്.കണ്ണൂര്‍ വി സിയുടെ ആദ്യനിയമനം തന്നെ യു ജി സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ നേരത്തെ വാദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുനര്‍നിയമനവും നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ യു ജി സി ചട്ടങ്ങള്‍ പാലിച്ചാണ് തനിക്ക് പുനര്‍നിയമനം നല്‍കിയതെന്നാണ് സത്യവാങ്മൂലത്തില്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്.പ്രായപരിധി പുനര്‍നിയമനത്തിന് ബാധകമല്ലെന്നും ഒരു തവണ വിസിയായതിനാല്‍ തനിക്ക് പുനര്‍നിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു.

Continue Reading