KERALA
വിതുമ്പലടക്കാനാകാതെ നേതാക്കൾ. തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനം സാക്ഷിയാകുന്നത് വികാരനിർഭരമായ നിമിഷങ്ങൾക്ക്

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മൃതശരീരത്തിന് മുന്നിൽ വിതുമ്പലടക്കാനാകാതെ നേതാക്കൾ. തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനം സാക്ഷിയാകുന്നത് വികാരനിർഭരമായ നിമിഷങ്ങൾക്ക്.
കാനത്തെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കണ്ണുനീരടക്കാനാകാതെയാണ് കാനത്തിന് വിട നൽകിയത്.
പല സിപിഐ നേതാക്കളും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും അന്ത്യോപചാരമർപ്പിക്കാനായി പട്ടത്തെ പി എസ് സ്മാരകത്തിലെത്തി.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയും പ്രിയസുഹൃത്തിന് അന്ത്യോപചാരമർപ്പിക്കാൻ പട്ടത്തെത്തി.
ഇടതുപക്ഷ പ്രസ്ഥാനത്തിന് വേണ്ടി തന്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവിനെയും സഹപ്രവർത്തകനെയും നഷ്‌ടമായ വേദനയിലാണ് നേതാക്കളും പ്രവർത്തകരുമെല്ലാം.
അസുഖം ബാധിച്ച് അവധി ആവശ്യപ്പെട്ടിരുന്നെങ്കിലും കാനത്തിന്റെ വിടവ് നികത്താൻ മറ്റൊരാളില്ല എന്ന കാരണത്താൽ പാർട്ടി ആവശ്യം നിരസിക്കുകയായിരുന്നു. കാനത്തെ അവസാനമായി ഒരുനോക്ക് കാണാൻ പൊതുദർശനത്തിനെത്തിയ ഓരോരുത്തരിലും നിറയുന്ന ആശങ്ക ഈ വിടവ് ആര് നികത്തും എന്നത് തന്നെയാണ്.