Connect with us

Crime

ലൈംഗിക ആരോപണവുമായി യു.പിയിലെ വനിതാ ജഡ്ജി രംഗത്ത്. റിപ്പോര്‍ട്ട് തേടി ചീഫ് ജസ്റ്റിസ്

Published

on

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഒരു വനിതാ ജഡ്ജി ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു വനിതാ സിവില്‍ ജഡ്ജി ബാന്ദ ജില്ലയിലെ ഒരു ജില്ലാ ജഡ്ജിക്കും കൂട്ടാളികള്‍ക്കും എതിരെയാണ് ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്.

വനിതാ ജഡ്ജി ചീഫ് ജസ്റ്റിസിനയച്ച കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തേടിയത്. രണ്ട് പേജുള്ള കത്തില്‍ വനിതാ ജഡ്ജി ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടുകയും ചെയ്തിട്ടുണ്ട്. ബാരബാങ്കിയില്‍ ജോലി ചെയ്യുന്നതിനിടെ ജില്ലാ ജഡ്ജിയില്‍ നിന്ന് ലൈംഗിക അതിക്രമവും ഉപദ്രവവും ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണ് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി തേടിയത്.

‘എനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി എന്നെ മരിച്ചതിന് തുല്യമാക്കി മാറ്റി. ആത്മാവ് ഇല്ലാത്തതും നിര്‍ജീവവുമായ ഈ ശരീരം ഇനി ചുമക്കുന്നതില്‍ ഒരു പ്രയോജനവുമില്ല. എന്റെ ജീവിതത്തില്‍ ഒരു ലക്ഷ്യവും അവശേഷിക്കുന്നില്ല. മാന്യമായ രീതിയില്‍ എന്റെ ജീവിതം അവസാനിപ്പിക്കാന്‍ എന്നെ അനുവദിക്കണമേ’ വനിതാ ജഡ്ജിയുടെ പുറത്തുവന്ന കത്തില്‍ പറയുന്നു.

അലഹബാദ് ഹൈക്കോടതി രജിസ്ട്രാറോടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടിയത്. വനിതാ ജഡ്ജിയുടെ പരാതിയില്‍ അന്വേഷണം നടത്തുന്ന ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി മുമ്പാകെയുള്ള നടപടികളുടെ തല്‍സ്ഥിതി ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് ചീഫ് ജസ്റ്റിസ് കത്തയച്ചത്.

ഡിസംബര്‍ നാലിന് വനിതാ ജഡ്ജി സുപ്രീംകോടതിക്ക് ഒരു പരാതി നല്‍കിയിരുന്നു. ഇത് ജസ്റ്റിസ് ഋഷികേഷ് റോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ബുധനാഴ്ച വാദംകേള്‍ക്കാനായി എത്തുകയും ചെയ്തു. പരാതി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ പരിഗണനയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം ജുഡീഷ്യല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയുണ്ടായി. വനിതാ ജഡ്ജിയുടെ പരാതിയിലാണ് ഐസിസി രൂപീകരിച്ചത്. അതുകൊണ്ട് തന്നെ നടപടികള്‍ക്കായി കാത്തിരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

Continue Reading