Connect with us

Crime

പ്രതിഷേധം കടുപ്പിച്ച് എസ്എഫ്‌ഐ. സംഘി ഗവര്‍ണര്‍ ഗോ ബാക്ക്’  സോഷ്യല്‍ മീഡിയ ക്യാമ്പയിനും ആരംഭിച്ചു

Published

on

തിരുവനന്തപുരം: ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്‌ഐ. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ ക്യാമ്പസുകളിലാകെ ബാനറുകള്‍ ഉയര്‍ത്തുകയാണ് എസ്എഫ്‌ഐ. ഇത് കേരളമാണ് എന്ന് ഗവര്‍ണറെ ഓര്‍മ്മിപ്പിക്കുന്ന വാചകങ്ങളാണ് ബാനറുകളില്‍ ഉള്ളത്. കൂടാതെ ‘സംഘി ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
മിസ്റ്റര്‍ ചാന്‍സലര്‍, നിങ്ങളുടെ വിധേയത്വം സര്‍വകലാശാലയോട് ആയിരിക്കണം, സംഘപരിവാറിനോട് ആകരുത് എന്ന് ബാനറാണ് തിരുവനന്തപുരം സംസ്‌കൃത കോളജില്‍ ഉയര്‍ന്നത്. മസ്തിഷ്‌കത്തിന് പകരം പേറുന്നത് മനുസ്മൃതിയെങ്കിലും ചാന്‍സലറെ തെരുവില്‍ ഭരണഘടന പഠിപ്പിക്കുമെന്നാണ് പന്തളം എന്‍ എസ് എസ് കോളേജിന്റെ പ്രധാന കവാടത്തില്‍ ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ട എസ്എഫ്‌ഐയുടെ ബാനറില്‍ കുറിച്ചിട്ടുള്ളത്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്തതിന് പിന്നാലെ രാത്രി തന്നെ ക്യാമ്പസില്‍ വീണ്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു. രാത്രിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസുകാരോട് കയര്‍ത്തിന് പിന്നാലെ ബാനറുകള്‍ നീക്കം ചെയ്യുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രകടനവുമായി ക്യാമ്പസിലെത്തി ബാനര്‍ ഉയര്‍ത്തുകയും ചെയ്തു.
എന്നാല്‍, പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി രാജ്ഭവന്റെ അസാധാരണ വാര്‍ത്താകുറിപ്പ് എത്തി. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നാണ് ഗവര്‍ണറുടെ ആരോപണം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം ബാനര്‍ ഉയര്‍ത്താനാകില്ല. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചയുടെ തുടക്കമാണിതെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.”

Continue Reading