KERALA
ജോസ് വിഭാഗം ഇടതുമുന്നണിയിൽ എത്തിയതോടെ കോട്ടയത്ത് പൊട്ടിത്തെറി. സി.പി.ഐ ഇടഞ്ഞ് തന്നെ

കോട്ടയം: സീറ്റ് വിഭജനത്തെ ചൊല്ലി കോട്ടയത്തെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി. ആത്മാഭിമാനം പണയം വെച്ച് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സി.പി.ഐ. അതേസമയം ജില്ലാ പഞ്ചായത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിന് പകരം മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ സി.പി.ഐക്ക് സീറ്റു നൽകി തർക്കം പരിഹരിക്കാനുള്ള ശ്രമമാണ് പാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്നത്.
ജില്ലാ പഞ്ചായത്തിലും പാലാ ഉൾപ്പെടെയുള്ള നഗരസഭകളിലുമാണ് സി.പി.ഐ. കടുംപിടുത്തം തുടരുന്നത്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽനിന്ന് കാര്യമായി കുറവു വരുത്താൻ സി.പി.ഐ. ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലേക്ക് അഞ്ച് സീറ്റിലാണ് മത്സരിച്ചത്. ഇതിൽ ഒരു സീറ്റ് വേണമെങ്കിൽ വിട്ടുകൊടുക്കാമെന്ന് സി.പി.ഐ. നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
എന്നാൽ ജോസ് കെ. മാണി വിഭാഗത്തെ ഉൾക്കൊള്ളാൻ രണ്ട് സീറ്റുകൾ വിട്ടു കൊടുക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. എന്നാൽ ആത്മാഭിമാനം പണയം വെച്ചു കൊണ്ടുള്ള വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സി.പി.ഐക്ക്. ഇന്നലെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്ത ജില്ല എക്സിക്യൂട്ടീവ് കോട്ടയത്ത് നടന്നിരുന്നു. ഈ യോഗത്തിലെ പ്രധാന വികാരവും ഇതായിരുന്നു.
ജോസ് വിഭാഗം എൽ.ഡി.എഫിൽ എത്തിയതു മുതൽ സീറ്റ് വിഭജനത്തിൽ ഉൾപ്പെടെ സി.പി.എം. കൂടുതൽ പരിഗണന നൽകുന്നു എന്ന പരാതി സി.പി.ഐ. ജില്ലാ നേതൃത്വത്തിന് മുൻപേ തന്നെയുണ്ടായിരുന്നു. ജോസ് കെ. മാണി വിഭാഗമാകട്ടെ, കഴിഞ്ഞ തവണ മത്സരിച്ച 11 സീറ്റുകൾ വേണമെന്ന കടുംപിടിത്തത്തിലാണ്. അത്രയും സീറ്റുകൾ നൽകാനാകില്ല എന്ന് സി.പി.എം. അവരെ അറിയിച്ചിട്ടുണ്ട്.
ഒമ്പതു സീറ്റുകൾ നൽകാമെന്ന ധാരണയാണ് സി.പി.എം. ഇടപെട്ട് ഉണ്ടാക്കുന്നത്. എന്നാൽ ആ ഒമ്പതു സീറ്റുകളിൽ എട്ടുസീറ്റുകൾ നൽകാം. ബാക്കിയുള്ള ഒരു സീറ്റ് അധികം നൽകണമെങ്കിൽ അത് സി.പി.ഐയുടെ അക്കൗണ്ടിൽനിന്ന് നൽകണം. ഇതാണ് ഇപ്പോൾ വലിയ തർക്കത്തിന് വഴിവെച്ചിരിക്കുന്നത്. പാലാ നഗരസഭയിൽ ഏഴു സീറ്റിൽ കഴിഞ്ഞ തവണ സി.പി.ഐ. മത്സരിച്ചിരുന്നു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ ഇന്ന് സി.പി.എം. ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയേറ്റും യോഗം ചേരുന്നുണ്ട്. വൈകിട്ട് എൽ.ഡി.എഫ്. യോഗത്തിൽ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.