KERALA
കെഎസ്ആർടിയിലെ അഴിമതി വച്ചു പൊറുപ്പിക്കില്ല, കെഎസ്ആർടിയിൽ പ്രശ്നങ്ങളുണ്ട്. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിലപാട് വ്യക്തമാക്കി നിയുക്ത മന്ത്രി കെ. ബി. ഗണേഷ് കുമാർ. സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടില്ലെന്നും സിനിമാ നടനെന്ന നിലയിൽ സിനിമ വകുപ്പു കൂടി കിട്ടിയാൽ സന്തോഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ സിനിമ മേഖലക്കും തിയറ്ററുകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നത് മുൻപ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗതാഗത വകുപ്പ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. സഹകരിച്ചാൽ വിജയിപ്പിക്കാമെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. കെഎസ്ആർടിയിലെ അഴിമതി വച്ചു പൊറുപ്പിക്കില്ല, കെഎസ്ആർടിയിൽ പ്രശ്നങ്ങളുണ്ട്. ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെഎസ്ആർടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടർച്ച ഉണ്ടാകണം. കോര്‍പറേഷനെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. എന്നാൽ തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ലെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാലിന് രാജ് ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനിരിക്കെയാണ് ഗണേഷ് കുമാറിന്‍റെ പ്രതികരണം.