Connect with us

Crime

അഡ്വ. രണ്‍ജീത് ശ്രീനിവാസൻ കൊലക്കേസിൻ്റെ വിധി ഇന്ന് പ്രദേശത്ത് കനത്ത പോലീസ് കാവൽ

Published

on

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൻ്റെ വിധി ഇന്ന് പറയും മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് വിധി പ്രഖ്യാപിക്കുക. വിധി പ്രഖ്യാപനത്തെ തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് കനത്ത ജാഗ്രത പാലിച്ച് വരികയാണ്.

2021 ഡിസംബര്‍ 19ന് രണ്‍ജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്ന കേസില്‍ 15 പോപ്പുലര്‍ ഫ്രണ്ട് ഭീകരരാണ് വിചാരണ നേരിടുന്നത്. ആലപ്പുഴ ഡിവൈഎസ്പി എന്‍.ആര്‍. ജയരാജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 156 സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറില്‍പ്പരം തൊണ്ടിമുതലുകളുമാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ കോടതിയില്‍ തെളിവായി ഹാജരാക്കിയത്.

രണ്‍ജീത് ശ്രീനിവാസനെ കൊല്ലണമെന്ന ഉദ്ദേശ്യം വളരെ നേരത്തേ തന്നെ പ്രതികള്‍ ഉള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ടിനുണ്ടായിരുന്നു. ഇതിനായി വിശദവും വിപുലവുമായ മുന്നൊരുക്കങ്ങളും ഗൂഢാലോചനകളും പ്രതികള്‍ നടത്തിയിരുന്നു. പ്രത്യേകം പരിശീലനം ലഭിച്ച പ്രതികള്‍ രണ്‍ജീത്തിനെ കൊലപ്പെടുത്താന്‍ രാത്രി ഒരു മണിയോടെ ആലപ്പുഴ നഗരത്തിലെ വീടിനു സമീപമെത്തിയിരുന്നെന്നും എന്നാല്‍ സാഹചര്യം മോശമായതുകൊണ്ട് മടങ്ങിപ്പോയി രാവിലെ ആറരയോടെ വീണ്ടുമെത്തി കൊലപാതകം നടത്തുകയായിരുന്നെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

കേസിലെ 15 പ്രതികളെ വിചാരണ കോടതി ജഡ്ജി ക്രിമിനല്‍ നടപടി നിയമം 313 വകുപ്പു പ്രകാരം ചോദ്യം ചെയ്ത് ഏകദേശം 6000 പേജുകളിലായാണ് മൊഴികള്‍ രേഖപ്പെടുത്തിയത്. സാക്ഷികള്‍ക്കും പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ക്കും നേരേ കടുത്ത ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തില്‍ അതിശക്തമായ പോലീസ് സുരക്ഷയാണ് വിചാരണ വേളയില്‍ ഒരുക്കിയത്. പ്രതികള്‍ എല്ലാവരും റിമാന്‍ഡിലാണ്. കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പ്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

Continue Reading