Crime
സന്ദേശ്ഖാലി അക്രമങ്ങളിലെ മുഖ്യപ്രതി തൃണമൂല്‍ നേതാവ് ശൈഖ് ഷാജഹാന്‍ അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖാലി അക്രമങ്ങളില്‍ മുഖ്യപ്രതിയായ തൃണമൂല്‍ നേതാവ് ശൈഖ് ഷാജഹാന്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമവും, ഭൂമി കൈയേറ്റവും ഉൾപ്പെടെയുള്ള കേസുകളിൽ ഷാജഹാന്‍ ശൈഖും കൂട്ടാളികളും പ്രതികളായിരുന്നു
ഒളിവില്‍ കഴിഞ്ഞിരുന്ന ഷാജഹാനെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് ബുധനാഴ്ച അര്‍ധരാത്രിയോടെ ബംഗാള്‍ പോലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ബംഗാളിലുടനീളം വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നത്.
ഷാജഹാന്‍ ശൈഖിനെ അറസ്റ്റ്‌ചെയ്യാന്‍ സംസ്ഥാന പോലീസിനുപുറമേ ഇ.ഡി.ക്കും സി.ബി.ഐ.ക്കും അധികാരമുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാള്‍ പോലീസ് ഇയാളെ പിടികൂടിയിരിക്കുന്നത്.
ഷാജഹാന്‍ ശൈഖിന്റെ അനുയായികള്‍ സ്തീകളെ പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി ദിവസങ്ങളോളം ലൈംഗികമായി ഉപദ്രവിക്കുന്നുവെന്നാണ് പ്രദേശത്തെ സ്ത്രീകളുടെ ഗുരുതര ആരോപണങ്ങളില്‍ പ്രധാനപ്പെട്ടത്. ഭീഷണിപ്പെടുത്തി തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുന്നുവെന്നും ജോലിചെയ്യിച്ച ശേഷം കൂലിനല്‍കാതെ മര്‍ദിക്കുന്നെന്നും സ്ത്രീകള്‍ ആരോപിച്ചിരുന്നു.