Connect with us

Crime

സിദ്ധാർഥൻ നേരിട്ടത് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവുംവിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി

Published

on

കൽപറ്റ :പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ (20) നേരിട്ടത് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും. ഈമാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി വെളിപ്പെടുത്തി. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ വിദ്യാർത്ഥികൾ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും വിദ്യാർഥി വെളിപ്പെടുത്തുന്നു. കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നുവെന്നും ഇയാൾ പറയുന്നു.

കോളജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർഥനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർഥികൾ സംഘം ചേർന്നു ചോദ്യം ചെയ്യുന്നു. തുടർന്ന് മർദനമെന്നാണ് ആരോപണം.
ഫെബ്രുവരി 15 ന് കാലത്ത് സിദ്ധാർഥൻ അമ്മയെ വിളിച്ച് സ്പോർട്സ് ഡേ ആയതിനാൽ വീട്ടിലേക്കു വരികയാണെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ ഉച്ചയ്ക്ക് ചുരത്തിൽ ഗതാഗതക്കുരുക്കാണെന്നും വൈകിട്ടത്തെ ട്രെയിനിലാകും വരികയെന്നും സിദ്ധാർഥൻ അമ്മയെ വിളിച്ച് അറിയിച്ചു.
വൈകിട്ട് 6.30 ന് വീട്ടിൽനിന്നു വിളിച്ചപ്പോൾ ട്രെയിനിൽ കയറിയെന്ന് പറഞ്ഞു. തുടർന്ന് വീട്ടുകാർ സിദ്ധാർത്ഥനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

ഫെബ്രുവരി 16 പുലർച്ചെ 4.00: കോളജിൽ അത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞ് സഹപാഠി വിളിച്ചതിനാൽ എറണാകുളത്തിറങ്ങി മടങ്ങിപ്പോകുകയാണെന്നുവെന്ന് സിദ്ധാർഥൻ അറിയിക്കുന്നു.
അന്നേ ദിവസം കാലത്ത് ക്യാംപസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിനു സമീപവും സിദ്ധാർഥനെ പ്രതികൾ സംഘം ചേർന്നു മർദിക്കുന്നു. സിദ്ധാർഥൻ പെൺകുട്ടിയോടു അപമര്യാദയായി പെരുമാറിയെന്ന പ്രതികളുടെ നേതൃത്വത്തിൽ പ്രചാരണം നടത്തുകയും ചെയ്തു .തുടർന്ന്. സിദ്ധാർഥനെ കോളജിലെ ഒദ്യോഗിക വാട്സാപ് ഗ്രൂപ്പുകളിൽനിന്നു പുറത്താക്കുന്നു.

ഫെബ്രുവരി 17 ന് ഹോസ്റ്റലിന്റെ നടുമുറ്റത്തു പരസ്യവിചാരണ നേരിട്ടു. നഗ്നനാക്കി കയറുകൊണ്ടു കെട്ടിയിട്ട് കൂട്ട മർദനം നടത്തി.
പിറ്റേന്ന് കാലത്തും മർദനം. ഇതിനിടെ ഫോണിൽ വിളിച്ച അമ്മയോട് 24നു നാട്ടിലെത്താമെന്ന് സിദ്ധാർഥൻ അറിയിക്കുന്നു
ഉച്ചയ്ക്ക് 1.30 ന് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഉടുതുണിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ സഹപാഠികൾ കാണുകയായിരുന്നു…

Continue Reading