KERALA
എം.കെ. രാഘവൻ എം.പിക്കെതിരേ വിജിലൻസ് അന്വേഷണം.

കോഴിക്കോട്: എം.കെ. രാഘവൻ എം.പിക്കെതിരേ വിജിലൻസ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്സഭ തിരഞ്ഞെടുപ്പിൽ അധികത്തുക ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയതിലുമാണ് അന്വേഷണം. വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്.
എം.കെ. രാഘവനെതിരേ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് ആരോപണം ഉയർന്നത്. ടിവി 9 ചാനൽ സ്റ്റിങ് ഓപ്പറേഷൻ നടത്തി എം.കെ. രാഘവന്റെ ചില വെളിപ്പെടുത്തലുകൾ പുറത്തുവിടുകയായിരുന്നു. ഫൈവ്സ്റ്റാർ ഹോട്ടൽ തുടങ്ങാനെന്ന പേരിൽ ചാനൽ എം.കെ. രാഘവനെ സമീപിച്ചിരുന്നു. ഈ സന്ദർഭത്തിൽ തിരഞ്ഞെടുപ്പ് ചിലവുകൾക്കായി തനിക്ക് അഞ്ച് കോടി രൂപ തരണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടുവെന്ന് വെളിവാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് അന്ന് ചാനൽ പുറത്തുവിട്ടത്. ആ തുക ഡൽഹി ഓഫീസിൽ എത്തിക്കാൻ ആവശ്യപ്പെട്ടുവെന്നും ദൃശ്യത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് പരാതി ലഭിക്കുകയും വിജിലൻസ് അന്വേഷണം സംബന്ധിച്ചുള്ള നിയമോപദേശം തേടുകയും ചെയ്തത്.
2014 തിരഞ്ഞെടുപ്പിൽ 20 കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ഒളികാമറ ഓപ്പറേഷനിലുണ്ടായിരുന്നു. ഇത് രണ്ടും സംബന്ധിച്ച അന്വേഷണത്തിനാണ് വിജിലൻസ് ഒരുങ്ങുന്നത്.