Crime
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വെള്ളിയാഴ്ച ഇ ഡിക്ക് മുമ്പാകെ ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. വെള്ളിയാഴ്ച ഹാജരകാനാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചതായി രവീന്ദ്രൻ രേഖമൂലം അറിയിച്ചിരുന്നു.
ഇപ്പോൾ കോവിഡ് മുക്തനായതിനെത്തുടർന്ന് ആശുപത്രി വിട്ടതായി അറിയിച്ച സാഹചര്യത്തിലാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി. വീണ്ടും നോട്ടീസ് നൽകിയത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനെയാണ് ഇ.ഡി ചോദ്യം ചെയ്യാനിരിക്കുന്നത്. സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന്റെ ടീമിന് അറിയാമായിരുന്നെന്നും ആ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് രവീന്ദ്രന്റെ ചോദ്യം ചെയ്യൽ നിർണായകമാകുന്നത്.