Crime
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാൻ പാർട്ടി ശ്രമിക്കരുത്

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാൻ പാർട്ടി ശ്രമിക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എല്ലാ കൊള്ളരുതായ്മകളിലും എസ് എഫ് ഐയെ പാർട്ടി സംരക്ഷിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ പാർട്ടി മുതിരരുതെന്നും രാഹുൽ പറഞ്ഞു. തിരുവനന്തപുരത്ത് നിരാഹാര സമരം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയനെന്ന ആഭ്യന്തര മന്ത്രിയെ നമുക്ക് മതിപ്പില്ല. പിണറായി വിജയനെന്ന മുഖ്യമന്ത്രിയെയും മതിപ്പില്ല. പിണറായി വിജയനോട് ആകെ ബഹുമാനമുള്ളത് പിതാവെന്ന നിലയിലാണ്. വീണയുടെയും വിവേകിന്റെയും പിതാവെന്ന നിലയിൽ എത്ര വഴിവിട്ട മാർഗത്തിലൂടെയും മക്കളെ ചേർത്തുപിടിക്കുന്ന മനുഷ്യനാണ്. ഒരു പിതാവെന്ന നിലയിൽ വേണം സിദ്ധാർത്ഥിന്റെ മരണത്തിൽ ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോർട്ട് വായിക്കാൻ.കേരളത്തിൽ ഇനിയൊരിക്കലും ഒരു സിദ്ധാർത്ഥ് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താനുള്ള ബാദ്ധ്യത കേരളത്തിന്റെ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആയ പിണറായിക്ക് മാത്രമല്ല, ഒരു പിതാവായ മുഖ്യമന്ത്രിക്ക് കൂടിയാണ്. വീണയുടെയും വിവേകിന്റെയും പിതാവിനോടുള്ള എളിയ അഭ്യർത്ഥനയാണ്. കൈകൂപ്പി പറയുകയാണന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, കെ എസ് യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യർ എന്നിവർ നിരാഹാര സമരം നടത്തിവരികയായിരുന്നു. സമരം ആറാം ദിവസത്തിലേയ്ക്ക് കടക്കവേ സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതിന് പിന്നാലെ ഇന്ന് സമരം അവസാനിപ്പിച്ചിരുന്നു.