Connect with us

KERALA

ഒരു വർഷത്തെ വൈദ്യുതി ബില്ല് മുൻകൂറായി അടച്ചാൽ ഇളവുകൾ നൽകാമെന്ന വാഗ്ദാനവുമായി സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം

Published

on

തിരുവനന്തപുരം: ഒരു വർഷത്തെ വൈദ്യുതി ബില്ല് മുൻകൂറായി അടച്ചാൽ കൂടുതൽ ഇളവുകൾ നൽകാനുള്ള വാഗ്ദാനവുമായി സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് അടിയന്തരമായി പണം ആവശ്യമുളളതിനാലാണ് സർക്കാറിൻ്റെ ഈ പുതിയ നീക്കം. ഇതിനുളള പദ്ധതി തയ്യാറാക്കുന്നതിന് വൈദ്യുതി വകുപ്പിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

വൈദ്യുതി മേഖലയിലെയും ബോർഡിന്റെയും പ്രശ്‌നങ്ങൾ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് ബോർഡ് പുതിയ നിർദ്ദേശം മുന്നോട്ടുവച്ചത്.സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക ഉടനെ കിട്ടാനുള്ള സാദ്ധ്യതയില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളിൽ നിന്ന് മുൻകൂറായി പണം സമാഹരിക്കാൻ വൈദ്യുതി ബോർഡ് ശ്രമിക്കുന്നത്.
നിലവിൽ ആറ് മാസത്തെ ബില്ല് അടച്ചാൽ രണ്ട് ശതമാനവും ഒരു വർഷത്തേക്ക് നാല് ശതമാനവും പലിശയാണ് ബോർഡ് കണക്കാക്കുന്നത്. പലിശ കൂട്ടി ഈ രീതി വ്യാപകമാക്കാനാണ് തീരുമാനം.

വാണിജ്യ ബാങ്കുകൾ നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ വാഗ്ദാനം ചെയ്താൽ പണം അടയ്ക്കാൻ കൂടുതൽ ഉപഭോക്താക്കൾ തയ്യാറായേക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
ഈ പലിശത്തുക ബില്ലിൽ നിന്ന് കുറയ്ക്കുകയും ചെയ്യും. ഉപഭോക്താവിന് ബാങ്ക് നിക്ഷേപത്തിന്റെ പലിശ നൽകിയാലും പുറത്തുനിന്ന് വായ്പ എടുക്കുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ ബോർഡിന് പണം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രയോജനം. ഓരോ രണ്ടുമാസത്തെയും ബില്ല് തുക ഇതിൽ നിന്ന് കുറയ്ക്കും. ശേഷിക്കുന്ന തുക എത്രയാണെന്ന് ഓരോ ബില്ലിലും ഉപഭോക്താവിനെ അറിയിക്കും.

Continue Reading