Crime
മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് അന്വേഷണം റെന്റ എ കാർ സംഘത്തിലേക്ക്.

കൊച്ചി : ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസ് അന്വേഷണം റെന്റ എ കാർ സംഘത്തിലേക്ക്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ വാടകയ്‌ക്കെടുത്ത് നൽകിയ രണ്ടുപേർ കസ്റ്റഡിയിലാണ്. ഇവർ ഇടനിലക്കാരാണ്. ഇവരെ ചോദ്യം ചെയ്‌ത് വരുന്നതേയുള്ളു. കൃത്യത്തിന് ഉപയോഗിച്ച കാർ കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 7.10 നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
പത്തനംതിട്ട കുമ്പളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. വാഹനം വാടകയ്‌ക്കെടുത്തതെന്ന് പ്രചരിച്ച പത്തനംതിട്ട എ.ആർ ക്യാമ്പിലെ എ.എസ്.ഐയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാർ വാടകയ്‌ക്കെടുത്ത് സുഹൃത്തിന് നൽകിയെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് എ.എസ്.ഐ നൽകിയ മൊഴി.ആഡംബര കാറിലെത്തിയ നാലംഗസംഘം മൂന്ന് യുവാക്കളെ മർദ്ദിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. ദൃക്സാക്ഷികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവം സ്ഥിരീകരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഇതേസ്ഥലത്തുവച്ച് മറ്റൊരാളെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇയാളെ പിന്നീട് കൊല്ലത്തുനിന്ന് കണ്ടെത്തി. രണ്ട് സംഭവങ്ങളിലും പരാതിക്കാരില്ലാത്തതിനാൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.