Crime
കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ തോമസ് ഐസക്കിന് താക്കീത് നല്‍കി

പത്തനംതിട്ട: കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ഥി തോമസ് ഐസക്കിന് മുഖ്യവരണാധികാരിയായ ജില്ലാ കളക്ടര്‍ താക്കീത് നല്‍കി. കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഇതു സംബന്ധിച്ച കത്ത് ഐസക്കിന് നൽകി.വിവരം സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമനാണ് ചട്ടലംഘനം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നത്. പന്തളം തെക്കേക്കര പഞ്ചായത്തില്‍ നടന്ന കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ വായ്പ നല്‍കുമെന്ന് സ്ഥാനാര്‍ഥി വാഗ്ദാനം ചെയ്തിരുന്നതായും കെ-ഡിസ്‌കിന്റെ സൗകര്യങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്. പരാതിയെ തുടര്‍ന്ന് കളക്ടര്‍ ഐസക്കില്‍നിന്ന് വിശദീകരണം തേടി.
കുടുംബശ്രീ യോഗത്തില്‍ വോട്ടു ചോദിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ കളക്ടറുടെ വിശദമായ അന്വേഷണത്തില്‍ കുടുംബശ്രീ യോഗത്തില്‍ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടു. പന്തളം തെക്കേക്കര പഞ്ചായത്തിലെ പറപ്പെട്ടിയിലാണ് പരാതിക്ക് അടിസ്ഥാനമായ കുടുംബശ്രീ യോഗം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും കളക്ടര്‍ പരിശോധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചട്ടലംഘനം ആവര്‍ത്തിക്കരുതെന്നുള്ള താക്കീത് കളക്ടര്‍ നല്‍കിയത്.