KERALA
കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ പത്തനംതിട്ടയിൽ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

പത്തനംതിട്ട: വീടിന് സമീപത്ത് കണ്ട കാട്ടാനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ പത്തനംതിട്ടയിൽ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പമ്പാവാലി തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് മലയില്‍ കുടിലിൽ ബിജു(52) ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.വീടിന്റെ മുറ്റത്ത് ആന കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ട് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയതായിരുന്നു. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പോലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു
നാട്ടുകാര്‍ മൃതദേഹം സ്ഥലത്തു നിന്നും മാറ്റാന്‍ പോലീസിനെ അനുവദിച്ചില്ല. കളക്ടര്‍ അടക്കമുള്ള അധികൃതര്‍ സ്ഥലത്തെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മരിച്ച ബിജു ഓട്ടോഡ്രൈവറാണ്. ഭാര്യ: ഡെയ്സി. മക്കള്‍: ജിന്‍സണ്‍, ബിജോ.
മരിച്ചു ബിജുവിൻ്റെ വീടിന് സമീപം ജനങ്ങൾ തമ്പടിച്ചിരിക്കുകയാണ്. പ്രദേശത്ത് കനത്ത പോലീസ് കാവലും ഏർപ്പെടുത്തി.