Connect with us

Crime

പാനൂര്‍ ബോംബ് നിര്‍മാണ പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോട് ‘സിപിഎമ്മിന് അതിൽപങ്കില്ല

Published

on

കണ്ണൂര്‍: പാനൂര്‍ ബോംബ് നിര്‍മാണത്തിലെ പങ്കാളിത്തം ഡിവൈഎഫ്‌ഐയുടെ തലയിലിട്ട് സിപിഎം. പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടാണെന്നും പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ബോംബുണ്ടാക്കാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് ഡിവൈഎഫ്‌ഐ ഭാരവാഹി ഷിജാലും ഷബിന്‍ ലാലുമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ബോംബ് നിര്‍മാണ കേസില്‍ സിപിഎമ്മിന് പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കുമ്പോഴും ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ പ്രതികളായതില്‍ എംവി ഗോവിന്ദന്‍ പ്രതികരിച്ചില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച ക്രിമിനല്‍ സംഘം പ്രതികളായ കേസെന്നാണ് സിപിഎം നിലപാട്. എന്നാല്‍, ആ സംഘത്തില്‍ എങ്ങനെ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉള്‍പ്പെട്ടുവെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്നുമുള്ള ചോദ്യത്തിനും എംവി ഗോവിന്ദന്‍ മറുപടി നല്‍കിയില്ല.

ഇതിനിടെ, പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും പുറത്തുവന്നു. മുഴുവന്‍ പ്രതികള്‍ക്കും ബോംബ് നിര്‍മാണത്തെക്കുറിച്ച് അറിവെന്നും ബോംബുകള്‍ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും പൊലീസ് പറയുന്നു. എന്നിട്ടും രക്ഷാപ്രവര്‍ത്തിന് പോയവര്‍ പ്രതികളായെന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്താന്‍ തയ്യാറായില്ല.
ബോംബുണ്ടാക്കാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നെന്നാണ് പ്രതികളുടെ മൊഴി. ഡിവൈഎഫ്‌ഐ ഭാരവാഹിയായ ഷിജാലും ഷബിന്‍ ലാലുമാണ് വസ്തുക്കള്‍ വാങ്ങിയത്. സ്‌ഫോടക വസ്തുക്കള്‍ എവിടെ നിന്ന് എത്തിച്ചുവെന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Continue Reading