Connect with us

KERALA

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു; മയക്കുവെടി വയ്ക്കണമെന്ന് നാട്ടുകാർ

Published

on

കൊച്ചി: എറണാകുളം കോതമം​ഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. കോതമംഗലം കോട്ടപ്പടിയിൽ പ്ലാച്ചേരിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംകാട്ടാന കിണറ്റിൽ വീഴുന്നത്. വനംവകുപ്പും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആനയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലുള്ള കിണറ്റിലാണ് ആന വീണത്. കിണറിന് ആഴം കുറവാണ്. നല്ല വീതിയുമുണ്ട്. രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ആന നടത്തുന്നുണ്ട്. തനിയെ രക്ഷപ്പെടാൻ സാധിച്ചില്ലെങ്കിൽ ആനയെ മണ്ണിടിച്ച് രക്ഷപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. ആന കിണറിലെ വെള്ളത്തിൽ കുത്തി മറിഞ്ഞും ചെളിയിളക്കിയതിനാൽ നിരവധി പേരുടെ കുടിവെള്ളമാണ് മുട്ടിച്ചിരിക്കുന്നത്.

അതേസമയം, പ്രദേശത്ത് സ്ഥിരം പ്രശ്‌നക്കാരനായ ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ പറയുന്നു. ‌കോട്ടപ്പടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ഇതില്‍ ഒരു കൊമ്പന്‍ ആണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ വീണത്. ഇതുകൂടാതെ പ്രദേശത്ത് നിന്ന് കാട്ടിലേക്ക് 3 കിലോമീറ്റര്‍ ദൂരമുണ്ട്. കാട്ടാനയെ പുറത്ത് എത്തിച്ച് തുറന്നുവിട്ടാല്‍ വീണ്ടും ജനവാസകേന്ദ്രത്തില്‍ എത്തുമെന്നും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്.

Continue Reading