Crime
വടകരയിലെ ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ ഹൈക്കോടതിയെ സമീപിച്ചു

കോഴിക്കോട്: വടകരയിൽ കള്ളവോട്ട് തടയാൻ നടപടി ആവശ്യപ്പെട്ട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ഹൈക്കോടതിയെ സമീപിച്ചു. മുൻ വർഷങ്ങളിൽ മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്ന് ഷാഫി ഹർജിയിൽ ആരോപിച്ചു. ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിപ്പിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു
ബൂത്തിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥരിലും അവിടേയ്ക്കു നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിലും ഭൂരിഭാഗം പേരും സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തുന്നവരാണെന്ന് ഹർജിയില്‍ പറയുന്നു. ഇവർ കള്ളവോട്ടിന് സഹായം ചെയ്തു കൊടുക്കുന്നു. മണ്ഡലത്തിലെ മിക്ക ബൂത്തുകളും വളരെ സെൻസിറ്റീവാണ്. അതുകൊണ്ടു തന്നെ ഓരോ ബൂത്തുകളിലും വോട്ടിങ് നടപടികൾ വിഡിയോയിൽ ചിത്രീകരിക്കണമെന്നും ഷാഫി ആവശ്യപ്പെടുന്നു.ഷാഫിയുടെ തിരഞ്ഞെടുപ്പ് ഏജന്റായ കോഴിക്കോട് ഡി.സി സി പ്രസിഡണ്ട് അഡ്വ. കെ.പ്രവീൺ കുമാറാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിനെതിരെ പ്രതികരിക്കാൻ പോലും ബൂത്തിൽ ഇരിക്കുന്നവർ സമ്മതിക്കാറില്ല. മാത്രമല്ല, മണ്ഡലത്തിൽ തന്നെയുള്ള പാനൂരാണ് കഴിഞ്ഞ ദിവസം ബോംബ് സ്ഫോടനമുണ്ടായിട്ടുള്ളത്. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ബോംബ് നിർമാണത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണ്. തിരഞ്ഞെടുപ്പ് സമയത്ത് എതിർ പാർട്ടി നേതാക്കളെ ആക്രമിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു
ഭയം കൂടാതെ വോട്ടു ചെയ്യാവുന്ന സാഹചര്യം ഉണ്ടാക്കാൻ വടകര മണ്ഡലത്തില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്നും വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാതെ വന്നതോടെയാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.