KERALA
തൃശ്ശൂരിൽ ജനവാസമേഖലയിലെ കിണറ്റില്‍വീണ കാട്ടുകൊമ്പന്‍ ചരിഞ്ഞു

തൃശ്ശൂര്‍: പുത്തൂരിനടുത്ത് വെള്ളക്കാരിത്തടത്ത് ജനവാസമേഖലയിലെ കിണറ്റില്‍വീണ കാട്ടുകൊമ്പന്‍ ചരിഞ്ഞു. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ചരിഞ്ഞത്.
ചൊവാഴ്ച വെളുപ്പിന് ഒരുമണിയോടെ ആയിരുന്നു സംഭവം. ആള്‍മറ ഇല്ലാത്ത കിണറ്റില്‍ ആണ് ആന വീണത്. ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ എഴുന്നേറ്റ് നോക്കുകയായിരുന്നു. ആഴം കൂടുതലും വ്യാസം നന്നേ കുറവുമായ കിണറ്റിലാണ് ആന വീണത്.
നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വനപാലകര്‍ രണ്ടു മണിയോടുകൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഏഴുമണിവരെ ആനയ്ക്ക് ജീവനുണ്ടായിരുന്നു. വ്യാസം കുറഞ്ഞ കിണറായതും മണ്ണുമാന്തി യന്ത്രങ്ങള്‍ സമയത്ത് കിട്ടാതിരുന്നതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.
ആനയെ പുറത്തെത്തിക്കുന്നതിന് വേണ്ടി ജെ.സി.ബി. ഉപയോഗിച്ച് പാത വെട്ടാനുള്ള ശ്രമം നടത്തിയിരുന്നു. സ്ഥിരമായി കാട്ടാന ഇറങ്ങുകയും കൃഷിനാശം ഉണ്ടാക്കുകയും ചെയ്യുന്ന പ്രദേശമാണിത്.