Connect with us

KERALA

പരസ്യ പ്രചാരണം നാളെ അവസാനിക്കും.കേരളത്തിന്റെ  മനസ്സിലിരുപ്പ് അറിയാന്‍ വോട്ട് ചെയ്ത് കാത്തിരിക്കേണ്ടത് 38 ദിവസങ്ങള്‍

Published

on

കോഴിക്കോട് :ഒന്നരമാസത്തെ വീറും വാശിയും പകര്‍ന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ വൈകിട്ട്  കൊട്ടിക്കലാശത്തോടെ സമാപിക്കും.
അവസാന പോളിങ്ങില്‍ വോട്ട് ഉറപ്പിക്കാന്‍ മുന്നണികള്‍ ഉണർന്ന് പ്രവർത്തിക്കുകയാണ്. വെള്ളിയാഴ്ചയാണ് പോളിംഗ്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എല്‍ഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന എന്‍ഡിഎയ്ക്കും നിര്‍ണായകമാണ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 19 സീറ്റുകള്‍ സമ്മാനിക്കുകയും എല്‍ഡിഎഫിനെ ഒന്നിലൊതുക്കുകയും എന്‍ഡിഎയെ നിരാശപ്പെടുത്തുകയും ചെയ്ത കേരളത്തിന്റെ ഇപ്പോഴത്തെ മനസ്സിലിരുപ്പ് അറിയാന്‍ വോട്ട് ചെയ്ത് കാത്തിരിക്കേണ്ടത് 38 ദിവസങ്ങള്‍, ഫലം പ്രഖ്യാപനം ജൂണ്‍ നാലിന്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. അതില്‍ 25 പേര്‍ സ്ത്രീകളാണ്.
പുരുഷന്മാര്‍ 169. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാര്‍ഥികളുമുണ്ട്.സംസ്ഥാനത്ത് ആകെ വോട്ടര്‍മാരുടെ എണ്ണം 2,77,49,159. അതില്‍ 6,49,833 പേര്‍ പുതിയ വോട്ടര്‍മാരാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുമുണ്ട്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 25231 പോളിങ് ബൂത്തുകളാണ് (ബൂത്തുകള്‍-25177, ഉപബൂത്തുകള്‍-54) ഉള്ളത്.
ഇവിടങ്ങളില്‍ 30,238 ബാലറ്റ് യൂണിറ്റുകളും 30238 കണ്‍ട്രോള്‍ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനമായ വെബ്കാസ്റ്റിങ് നടത്തും. ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.





Continue Reading