Connect with us

HEALTH

കോവിഷീൽഡ് ആ​ഗോളതലത്തിൽ പിൻവലിച്ചു.പാർശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നിർമാതാക്കളായ ആസ്ട്രസെനക്ക രം​ഗത്തെത്തിയതിന് പിന്നാലെയാണ് പിൻവാങ്ങൽ

Published

on

ലണ്ടൻ: കോവിഡ് -19 വാക്സിനായ കോവിഷീൽഡ് ആ​ഗോളതലത്തിൽ പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക. ‘ദ ടെലഗ്രാഫ് ‘ ആണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നിർമാതാക്കളായ ആസ്ട്രസെനക്ക രം​ഗത്തെത്തിയത് വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനിയുടെ നീക്കം. എന്നാല്‍, വാണിജ്യപരമായ കാരണങ്ങളാണ് തീരുമാനത്തിനു പിന്നിലെന്ന് കമ്പനി അറിയിച്ചതായി ദ ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് -19നുള്ള വാക്‌സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്‌സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു. യു.കെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീൽഡ് വാക്സിൻ അപൂർവസാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്.

കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിച്ചത്. കോവിഷീൽഡ്, വാക്‌സ്‌സെവ്‌റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ ഉപയോഗിച്ച വാക്സിനാണിത്. ഓക്‌സ്‌ഫഡ് സർവകലാശാലയുമായിച്ചേർന്ന് ആസ്ട്രസെനക്ക വികസിപ്പിച്ച വാക്സിൻ, സിറം ഇൻസ്റ്റ്യിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീൽഡ് എന്ന പേരിൽ നിർമിച്ചത്.

വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയർന്നിരുന്നു. ഒട്ടേറെ കുടുംബങ്ങൾ ആസ്ട്രസെനക്കയ്ക്കെതിരേ കോടതിയിലും പോയി. വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്.

രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ ആസ്ട്രസെനക്ക സമ്മതിച്ചു.സുരക്ഷാ ആശങ്കയെത്തുടർന്ന് അസ്ട്രസെനക്ക-ഒക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു.

Continue Reading