Gulf
എയർഇന്ത്യ എക്സ്‌പ്രസിന്റെ ജീവനക്കാർ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ചതോടെ നൂറിലധികം സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി
കൊച്ചി: എയർഇന്ത്യ എക്സ്‌പ്രസിന്റെ കാബിൻ ജീവനക്കാർ കൂട്ടയവധിയെടുത്ത് ടാറ്റാ ഗ്രൂപ്പിനെതിരേ പ്രതിഷേധിച്ചതോടെ നൂറിലധികം സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായിമാത്രം റദ്ദാക്കിയത് നാല്പതോളം സർവീസുകൾ. കൊച്ചി, കണ്ണൂർ, കോഴിക്കോട്, ഡൽഹി, ബെംഗളൂരു എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധിച്ചു. അതിനിടെ മുന്നറിയിപ്പില്ലാതെ സർവീസുകൾ റദ്ദാക്കിയതിൽ ഡി.ജി.സി.എ. എയർഇന്ത്യ എക്സ്‌പ്രസിനോട് വിശദീകരണം തേടി
കൊച്ചി വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെമുതൽ ഒമ്പത് വിമാന സർവീസുകളാണ് റദ്ദാക്കിയത്. അഞ്ഞൂറോളം യാത്രികർ കുടുങ്ങി. പലരും വിശ്രമിക്കാനും ഭക്ഷണത്തിനും സൗകര്യമില്ലാതെ പുറത്തുകാത്തുനിന്ന് വലഞ്ഞു. കരിപ്പൂരിൽ 12 സർവീസുകളാണ് റദ്ദാക്കിയത്. ബോർഡിങ് പാസെടുത്ത് മണിക്കൂറുകൾ സെക്യൂരിറ്റി ലോഞ്ചിൽ കാത്തിരുന്നശേഷമാണ് റദ്ദാക്കിയത് അറിയിച്ചത്. കണ്ണൂരിൽ നാല് സർവ്വീസുകളാണ് റദ്ദ് ചെയ്തത്.
യാത്രക്കാരുടെ പ്രതിഷേധം പലപ്പോഴും സംഘർഷത്തിന്റെ വക്കോളമെത്തി. ലഘുഭക്ഷണം നൽകാൻ പോലും എയർഇന്ത്യാ എക്സ്‌പ്രസ് അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഏറെനേരത്തെ പ്രതിഷേധത്തിനുശേഷം വീടുകളിലേക്ക് മടങ്ങി. തിരുവനന്തപുരത്ത് ഒമ്പത് സർവീസുകൾ റദ്ദാക്കി. കണ്ണൂരിൽ അഞ്ഞൂറോളംപേരുടെ യാത്ര മുടങ്ങി. ഗൾഫ് മേഖലയിൽനിന്ന് തിരിച്ചുള്ള 11 സർവീസുകളും റദ്ദാക്കി.
ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിൽനിന്ന് ചില സർവീസ് തുടങ്ങി. 1.32-ന് ദുബായിലേക്ക് വിമാനം പുറപ്പെട്ടു. 2.30-ന് ബെംഗളൂരുവിലേക്കുമുള്ള സർവീസും മുടങ്ങിയില്ല. കണ്ണൂരിൽനിന്ന് 2.30-ന് ദുബായിലേക്കുള്ള സർവീസിനും ജിദ്ദയിൽനിന്ന് ഉച്ചയ്ക്ക് കണ്ണൂരിലേക്കുള്ള സർവീസിനും തടസ്സമുണ്ടായില്ല.
