KERALA
തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് എത്തിക്സ് കമ്മറ്റിക്ക് വിടാൻ സ്പീക്കറുടെ തീരുമാനം

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് വിടാൻ സ്പീക്കറുടെ തീരുമാനം.കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ട് ധനമന്ത്രി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോർട്ട് സഭയിൽ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാൽ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോർട്ട് ചോർത്തിയത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേർന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.
പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തൽ. തുടർന്നാണ് പരാതി എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടത്. പരാതിയിൽ എത്തിക്സ് കമ്മിറ്റ് ധനമന്ത്രിയോട് വിശദീകരണം തേടും.
നേരത്തെ സ്പീക്കർക്ക് ധനമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു. മന്ത്രിമാർക്കെതിരെയുള്ള അവകാശലംഘന നോട്ടീസിൽ വിശദീകരണത്തിന് ശേഷം തുടർനടപടികൾ അവസാനിപ്പിക്കുന്നതാണ് സാധാരണ രീതിയെങ്കിലും നിയമസഭാചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത്.