Connect with us

KERALA

വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയേക്കും.ഡ്രൈ ഡേ വേണ്ടെന്നുള്ള ശുപാര്‍ശ പരിഗണിക്കില്ല.

Published

on

തിരുവനന്തപുരം : കോഴ വിവാദത്തോടെ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയേക്കും. ഡ്രൈ ഡേ വേണ്ടെന്നുള്ള സെക്രട്ടറി തല ശുപാര്‍ശ സര്‍ക്കാര്‍ ഇനി ഗൗരവത്തില്‍ പരിഗണിക്കില്ല. വിവാദങ്ങള്‍ക്കിടയില്‍ ഇളവ് നല്‍കിയാല്‍ അത് ആരോപണങ്ങള്‍ക്ക് കരുത്ത് പകരുമെന്ന ആശങ്കയാണ് സര്‍ക്കാരിനും സിപിഎമ്മിനും.
എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈഡേ ഭീമമായ നഷ്ടം വരുത്തുന്നുവെന്നായിരിന്നു സെക്രട്ടറി തല സമിതിയുടെ കണ്ടെത്തല്‍. ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും ചില ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥ തല ശുപാര്‍ശ ഉണ്ടായിരിന്നു. ഇത് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത നടപ്പാക്കാനായിരുന്നു എക്‌സൈസ് വകുപ്പിന്റെ ആലോചന.
മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി അടുത്ത മാസം മന്ത്രി ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരിന്നു. എന്നാല്‍ കോഴയാരോപണത്തോടെ ഇതിലൊന്നും തൊടാന്‍ ഇനി സര്‍ക്കാരിനാവില്ല. മുന്‍പ് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയതിന് സമാന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. ബാറുകള്‍ക്ക് ഇളവ് നല്‍കണമെന്ന ആശയം മുന്നോട്ട് വച്ചാല്‍ മുന്നണിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരും. അത് കൊണ്ട് ഇളവുകള്‍ നല്‍കാനുള്ള ചിന്ത തത്കാലത്തേക്ക് സര്‍ക്കാര്‍ ഉപേക്ഷിക്കും.
പ്രതിപക്ഷത്തേയും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. വിവാദത്തിന് പിന്നാലെ ഇളവുകള്‍ നല്‍കിയാല്‍ ഉയര്‍ന്ന് വന്ന ആരോപണം ശരിയാണെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷത്തിന് വേഗത്തില്‍ കഴിയും. ഇതുകൊണ്ട് കൂടിയാണ് പ്രതിഛായ നിലനിര്‍ത്താന്‍ വിവാദത്തിന്‍മേല്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേഗത്തില്‍ പ്രഖ്യാപിച്ചത്. സര്‍ക്കാരിനെതിരായ ഗൂഡാലോചനയുണ്ടെന്ന വാദമാണ് മന്ത്രി തുടക്കത്തിലെ പ്രകടിപ്പിച്ചത്. ജൂണ്‍പത്തിന് നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി മുഖം രക്ഷിക്കാനാണ് നീക്കം.

Continue Reading