Connect with us

Crime

അംഗങ്ങളോട് പണമാവശ്യപ്പെട്ടത് ബില്‍ഡിങ് ഫണ്ടിനു വേണ്ടിസര്‍ക്കാരിനു കോഴ നല്‍കാന്‍ പിരിവെടുത്തെന്ന ആരോപണം തള്ളി കേരള ഹോട്ടല്‍സ് അസോസിയേഷൻ

Published

on


തിരുവനന്തപുരം: മദ്യനയത്തില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാരിനു കോഴ നല്‍കാന്‍ പിരിവെടുത്തെന്ന ആരോപണം തള്ളി കേരള ഹോട്ടല്‍സ് അസോസിയേഷന്‍. സംഘടനാ നേതാവ് അനിമോന്‍ കോഴ നല്‍കാന്‍ നിര്‍ദേശിക്കുന്ന ശബ്ദസന്ദേശം ഗൂഢാലോചനയുടെ ഭാഗമാണെന്നും അംഗങ്ങളോട് പണമാവശ്യപ്പെട്ടത് ബില്‍ഡിങ് ഫണ്ടിനു വേണ്ടിയാണെന്നും ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.സുനില്‍ കുമാര്‍ വ്യക്തമാക്കി. സംഘടനയെ പിളര്‍ത്താന്‍ ശ്രമം നടത്തിയതിന് അനിമോനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിഞ്ഞ ദിവസം സംഘടന തീരുമാനമെടുത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘650 അംഗങ്ങളാണ് ഞങ്ങളുടെ സംഘടനയിലുള്ളത്. സംഘടനയ്ക്കായി തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ എറണാകുളത്ത് ഒരു ഓഫിസ് ഉള്ളതുകൊണ്ട് തിരുവനന്തപുരത്ത് ഓഫിസ് വേണ്ട എന്ന് അഭിപ്രായമുള്ള ചിലര്‍ സംഘടനയ്ക്കുള്ളിലുണ്ടായിരുന്നു. കെട്ടിടം വാങ്ങുന്നത് സംബന്ധിച്ച് രണ്ടു തവണ തീരുമാനമെടുത്തിട്ടും എതിര്‍പ്പ് കാരണം നടപ്പാക്കാനായില്ല. മൂന്നാം തവണ ശക്തമായിത്തന്നെ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചു. മേയ് 30നുള്ളില്‍ മുഴുവന്‍ തുകയും നല്‍കണം.
”5.60 കോടി രൂപയാണ് അമേരിക്കന്‍ മലയാളിയായ കെട്ടിട ഉടമസ്ഥനു നല്‍കേണ്ടത്. റജിസ്‌ട്രേഷന്‍ ചെലവുകള്‍ക്കായി 60 ലക്ഷം രൂപയും വേണം. എന്നാല്‍ ഇതുവരെ 450 അംഗങ്ങളില്‍നിന്നായി നാലരക്കോടിയോളം രൂപ മാത്രമാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. ഒരു ലക്ഷം രൂപ വീതമാണ് ഒരാളില്‍നിന്ന് വാങ്ങിയത്. അക്കൗണ്ട് മുഖേനയാണ് ഇടപെടലുകളെല്ലാം. കെട്ടിടം വാങ്ങാനുള്ള ബാക്കി തുക മേയ് 30നുള്ളില്‍ കണ്ടെത്തേണ്ടതുണ്ട്. അതിനായി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ രണ്ടര ലക്ഷം രൂപ വീതം സംസ്ഥാനസമിതിക്ക് വായ്പയായി തരണം എന്നാണ് ആവശ്യപ്പെട്ടത്.
”എന്നാല്‍ വായ്പയാവശ്യപ്പെട്ടതിനോട് അനിമോന്‍ ഉള്‍പ്പെടെയുള്ള ചിലര്‍ വീണ്ടും എതിര്‍പ്പ് പ്രകടിപ്പിച്ചു. കെട്ടിടം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അനിമോന്‍ ഉള്‍പ്പെടെയുള്ള ഇടുക്കിയിലെയും കൊല്ലത്തെയും ചില നേതാക്കള്‍ ചേര്‍ന്ന് മറ്റൊരു സംഘടന രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഇത് തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അനിമോന്റെ സാന്നിധ്യത്തില്‍ത്തന്നെ ഇതിനെ കമ്മിറ്റി വിമര്‍ശിക്കുകയും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. അപ്പോള്‍ത്തന്നെ അനിമോന്‍ കമ്മിറ്റിയില്‍ നിന്നിറങ്ങിപ്പോകുകയും ചെയ്തു.
”ഡ്രൈഡേ ഒഴിവാക്കണമെന്നും സമയപരിധി കൂട്ടണമെന്നും സര്‍ക്കാരിനോട് നേരത്തെ തന്നെ സംഘടന ആവശ്യപ്പെടുന്നുണ്ട്. ഡ്രൈഡേ ഒഴിവാക്കിത്തന്നാല്‍ മാത്രമേ മുന്നോട്ടുപോകാനാകൂ. ബാര്‍ ഹോട്ടലുകളുടെ കച്ചവടം 40 ശതമാനമാണ് കുറഞ്ഞത്. അതിനു പിന്നാലെയാണ് 5 ലക്ഷം രൂപ ഫീസിനത്തില്‍ കൂട്ടിയത്. ഇതിലെ അമര്‍ഷം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.” – സുനില്‍ കുമാര്‍ പറഞ്ഞു.”

Continue Reading