Crime
മാസപ്പടിയാരോപണത്തില്‍ പൊലീസിന് കേസെടുക്കാമെന്ന് ഇ ഡി രണ്ട് തവണ ഡിജിപിക്ക് കത്ത് നല്‍കി. വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങള്‍ അടക്കം നിലനില്‍ക്കുമെന്നും ഇഡി.

കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍ സംസ്ഥാന പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. രണ്ട് തവണ ഇക്കാര്യം കാട്ടി ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും വഞ്ചന, ഗൂഡാലോചനാ കുറ്റങ്ങള്‍ അടക്കം നിലനില്‍ക്കുമെന്നും ഇഡി. ഇതിനിടെ മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി ബാലിശമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.
കളളപ്പണ ഇടപാടാണ് തങ്ങള്‍ പരിശോധിക്കുന്നതെന്നും എന്നാല്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണ പരിധിയില്‍ വരുന്ന ഗൂഡാലോചന, വഞ്ചന , അനധികൃത സ്വത്തുസമ്പാദനം അടക്കമുളള കാര്യങ്ങളില്‍ കേസെടുക്കാന്‍ പര്യാപ്തമാണെന്നുമാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
രണ്ടുതവണ കത്തയച്ചിട്ടും സംസ്ഥാന പൊലീസ് കേസെടുക്കാത്തത് ചോദ്യം ചെയ്ത് പൊതുതാല്‍പര്യ ഹര്‍ജിയുമായടക്കം കോടതിയെ സമീപിക്കാനുളള മറ്റൊരു സാധ്യത കൂടിയാണ് ഇതുവഴി ഇഡി തുറന്നിട്ടത്.
മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട സാമ്പകത്തിക ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ തളളിയിരുന്നു. ഇതിനിടെ മാസപ്പടി കേസ് റദ്ദാക്കണമെന്ന സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ആവശ്യം നിലവിലെ ഘട്ടത്തില്‍ അനുചിതമാണെന്ന് ഇഡി കോടതിയെ അറിയിച്ചു. അന്വേഷണം പ്രാരംഭ ദിശയില്‍ മാത്രമാണ്. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കരുതി പ്രതിയാകണമെന്നില്ല. അന്വേഷണത്തിന് ശേഷം ഭാവിയില്‍ വിചാരണ നേരിടേണ്ടിവരാന്‍ സാധ്യതയുണ്ടെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട് .
പിണറായി സര്‍ക്കാരിനെ ഒരിക്കല്‍ കൂടി പ്രതിരോധത്തില്‍ ആക്കുന്നതാണ് എന്‍ഫോഴ്‌സ് ഡയറക്ട്രേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.”