Crime
വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവർത്തകരായ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം മസിനഗുഡിയിലേക്ക് യാത്ര. ഇവിടെ നിന്നും മടങ്ങുന്നവഴി ഗുണ്ടാനേതാവിന്റെ വീട്ടിലേക്ക്

തിരുവനന്തപുരം: ഗുണ്ടാത്തലവൻ തമ്മനം ഫൈസലിന്റെ വീട്ടിലെത്തി വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തത്. പോലീസ് സേനയിൽ നിന്ന് വിരമിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ‘സംഭവത്തിൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. തുടർന്നാണ് സാബുവിനെതിരെയുള്ള നടപടി.
സംസ്ഥാനത്തെ ജനങ്ങളുടെ സമാധാനപരമായ ജീവിതം അപകടത്തിലാക്കുന്ന നടപടികൾക്കെതിരെ പോലീസ് സ്വീകരിക്കുന്ന ശക്തമായ നടപടികളെ ദുർബലപ്പെടുത്തുന്നതാണ് സാബുവിന്റെ പ്രവൃത്തി. പോലീസ് സേനയുടെയും സർക്കാരിന്റെയും സൽപേരിന് കളങ്കം വരുത്തുകയും അച്ചടക്ക ലംഘനം നടത്തിയതായും പ്രഥമദൃഷ്ട്യാ കാണുന്നതിനാൽ അച്ചടക്ക നടപടിയുടെ ഭാഗമായി സർവ്വീസിൽനിന്നും സസ്‌പെൻഡ് ചെയ്യുന്നു’-എന്നാണ് സസ്‌പെൻഷൻ ഉത്തരവിലുള്ളത്.
വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവർത്തകരായ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം മസിനഗുഡിയിലേക്ക് യാത്ര നടത്തിയിരുന്നു. ഇവിടെ നിന്നും മടങ്ങുന്നവഴിയാണ് സാബു ഗുണ്ടാനേതാവിന്റെ വീട്ടിലെത്തിയത്. ഈ വിരുന്നിൽ പങ്കെടുത്ത മറ്റ് മൂന്ന് പോലീസുകാരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
സാബുവിനൊപ്പമുണ്ടായിരുന്ന വിജിലൻസ് ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നുപേരെയാണ് സസ്പെൻഡ് ചെയ്തത്. സിനിമാ നടന്റെ വീടാണെന്നും പരിചയപ്പെടുത്താമെന്നും പറഞ്ഞാണ് തങ്ങളെ ഡിവൈഎസ്പി സാബു, തമ്മനം ഫൈസലിന്റെ വീട്ടിലേക്ക് എത്തിച്ചതെന്നാണ് പോലീസുകാരുടെ മൊഴി. അടുത്തിറങ്ങിയ മലയാള സിനിമയിൽ തമ്മനം ഫൈസൽ അഭിനയിച്ചിട്ടുമുണ്ട്.
ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന ‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. അപ്പോഴാണ് പോലീസുകാർക്കായി നടക്കുന്ന വിരുന്നാണെന്ന് മനസിലായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.