KERALA
പിണറായി വിജയന്റെ മന്ത്രി സഭയില്‍ അംഗമല്ലാത്ത ഉന്നതനാണ് ഡോളര്‍ കടത്തിനു പിന്നിലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉന്നത രാഷ്ട്രീയനേതാവിനു ബന്ധമുണ്ടെന്നും ഇദ്ദേഹത്തിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇതാരെന്ന ചര്‍ച്ചകളും സജീവമായി.സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും ചെന്നിത്തല ആരോപിച്ചു.
ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതനുപോലും റിവേഴ്സ് ഹവാലയില്‍ പങ്കുണ്ട്. ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴുമെന്നും ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്റെ മന്ത്രി സഭയില്‍ അംഗമല്ലാത്ത ഉന്നതനാണ് ഡോളര്‍ കടത്തിനു പിന്നിലെന്നാണ് പറയുന്നത്. ഇദ്ദേഹത്തിന് രണ്ട് പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെന്നും പറയുന്നു.
ഇദ്ദേഹം നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി സൂക്ഷിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ബന്ധുക്കളെ സന്ദര്‍ശിക്കാനെന്ന പേരില്‍ നടത്തിയ സ്വകാര്യ വിദേശ യാത്രകളിലാണ് ഡോളര്‍ കടത്തിയതെന്നു പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും വിദേശയാത്ര നടത്തുമ്പോള്‍ വിദേശകാര്യ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നാണ് ചട്ടമെങ്കിലും ഡോളര്‍ കടത്തിലെ ഉന്നതന്‍ അനുമതി വാങ്ങാതെയാണ് കൂടുതല്‍ യാത്രകളും സ്വകാര്യ ആവശ്യത്തിനെന്ന പേരില്‍ നടത്തിയതായി പറയുന്നത്.
ഇത്തരത്തില്‍ 45 മുതല്‍ അന്‍പത് യാത്രകള്‍ വരെ ഇദ്ദേഹം നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. വിദേശ യാത്രകള്‍ സംബന്ധിച്ച് വിശദ വിവരങ്ങള്‍ ഓഫീസില്‍ സൂക്ഷിച്ചിട്ടില്ലെന്നും ദുരൂഹത വര്‍ധിപ്പിക്കുന്നു.