Connect with us

KERALA

പാലക്കാട്  സിപിഐയില്‍ ഉള്‍പ്പോര് കടുക്കുന്നു. സേവ് സിപിഐ ഫോറം എന്ന പേരിൽ സമാന്തര നീക്കം.

Published

on

പാലക്കാട്: പാലക്കാട് ജില്ലയില്‍ സിപിഐയില്‍ ഉള്‍പ്പോര് കടുക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സമാന്തര നീക്കവുമായി നേതാക്കള്‍ രംഗത്ത്. ഔദ്യോഗിക പക്ഷത്തിനെതിരെ സേവ് സിപിഐ ഫോറം എന്ന പേരിലാണ് സമാന്തര നീക്കം.
ജില്ലാ സമ്മേളനം, സെക്രട്ടറി തെരഞ്ഞെടുപ്പ്, അവസാനമായി വന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് തുടങ്ങി വിവാദങ്ങള്‍ വിട്ടൊഴിയാതെ മുന്നോട്ട് പോവുകയാണ് പാലക്കാട്ടെ സിപിഐ. ഔദ്യോഗിക പക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് മണ്ണാര്‍ക്കാട് മുന്‍ മണ്ഡലം പ്രസിഡന്റ് പാലോട് മണികണ്ഠനെ പുറത്താക്കിയത്. ഒപ്പം മണികണ്ഠനെ പിന്തുണക്കുന്ന പട്ടാമ്പി മുന്‍ മണ്ഡലം സെക്രട്ടറി പികെ സുഭാഷ്, പട്ടാമ്പിയിലെ തന്നെ മുതിര്‍ന്ന നേതാവ് കോടിയില്‍ രാമകൃഷ്ണന്‍ എന്നിവരെയും പുറത്താക്കി. ഇതോടെയാണ് ഉള്‍പ്പോര് കൂടുതല്‍ ശക്തമായത്. ഒരു വിഭാഗം പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളെയും ലക്ഷ്യമിട്ട് ഏകപക്ഷീയ നീക്കമാണ് ജില്ലാ നേതൃത്വം നടത്തുന്നതെന്നാണ് വിമതരുടെ വാദം.
സേവ് സിപിഐ ഫോറം എന്ന പേരില്‍ പട്ടാമ്പിയില്‍ കണ്‍വെന്‍ഷന്‍ വിളിച്ച് ശക്തി തെളിയിക്കാനാണ് വിമത പക്ഷത്തിന്റെ നീക്കം. പാര്‍ട്ടി വിരുദ്ധ നീക്കം ആരു നടത്തിയാലും കടുത്ത നടപടി എന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. വിഷയങ്ങള്‍ കൂടുതല്‍ വഷളാക്കാതെ പറഞ്ഞുതീര്‍ത്ത് ഒരുമിച്ച് പോകണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്.

Continue Reading