Crime
പെരിയ ഇരട്ടക്കൊലപാതകകേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്ത നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകകേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്ത നേതാക്കളെ പുറത്താക്കി കെപിസിസി. ബാലകൃഷ്ണൻ പെരിയ, രാജൻ പെരിയ, പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന കെപിസിസി രണ്ടംഗ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
പെരിയ കേസിലെ 13-ാം പ്രതി എന്‍.ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയാണ് കെപിസിസിക്ക് പരാതി നല്‍കിയത്. വിവാഹ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തത് ഗുരുതര തെറ്റാണെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ രക്തസാക്ഷി കുടുംബങ്ങളെ നേതൃത്വം അവഗണിക്കുന്നതായും കണ്ടെത്തലുണ്ടായിരുന്നു. തുടർന്ന് രക്തസാക്ഷി കുടുംബത്തെ നേതാക്കൾ പരസ്യമായി അപമാനിച്ചുവെന്ന് കെപിസിസി യോഗം വിലയിരുത്തുകയായിരുന്നു.